ഫുട്ബോൾ ടൂർണമെന്റിനിടെ ഗ്യാലറി തകർന്നുണ്ടായ അപകടം…സംഘടകർക്കെതിരെ കേസ്
എറണാകുളം കോതമംഗലത്ത് ഫുട്ബോൾ ടൂർണമെന്റിനിടെ ഗ്യാലറി തകർന്നു വീണുണ്ടായ അപകടത്തിൽ സംഘടകർക്കെതിരെ പോലീസ് കേസ് എടുത്തു. പരിപാടിക്ക് മതിയായ സുരക്ഷാ സംവിധാനങ്ങൾ പാലിച്ചില്ലെന്ന് പോലീസ്. അനുമതി ഇല്ലാതെയാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്. ടൂർണമെന്റിനെ കുറിച്ച് പഞ്ചായത്തിനെ അറിയിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് പോലീസിന് റിപ്പോർട്ട് നൽകും.
ഇന്നലെ രാത്രി 9 മണിയോടുകൂടിയാണ് ഗ്യാലറി തകർന്ന് വീണത്. ഹീറോ യങ്ങസ് എന്ന ക്ലബ്ബ് നടത്തിയ ടൂർണമെന്റിനിടയാണ് അപകടം. ഫൈനൽ മത്സരം ആയതിനാൽ പതിവിലും കൂടുതൽ കാണികൾ എത്തിയിരുന്നു. താത്കാലികമായി നിർമ്മിച്ച തടി കൊണ്ടുള്ള ഗ്യാലറി ആണ് തകർന്നത്. 4000ത്തോളം പേരാണ് മത്സരം കാണാനെത്തിയത്. മുള ഉൾപ്പടെയുപയോഗിച്ചാണ് ഗ്യാലറി നിർമിച്ചത്.അപകടമുണ്ടായ ഭാഗത്ത് 1500ഓളം പേരുണ്ടായിരുന്നുവെന്നാണ് വിവരം.