സമുദായങ്ങൾക്കെതിരെ പറഞ്ഞയാൾ അതിൽ ഉറച്ചുനിൽക്കണം,  അല്ലാതെ തിണ്ണ നിരങ്ങാൻ നടക്കരുത് ; വി ഡി സതീശനെതിരെ വിമർശനവുമായി ജി സുകുമാരൻ നായർ 

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷവിമർശനവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരും രംഗത്തെത്തി. സമുദായ സംഘടനകളുടെ തിണ്ണ നിരങ്ങില്ലെന്ന് പ്രഖ്യാപിച്ച നേതാവ് സഭാ സിനഡ് യോഗം ചേർന്നപ്പോൾ അവിടെ പോയത് തിണ്ണനിരങ്ങാനല്ലേയെന്ന് സുകുമാരൻ നായർ ചോദിച്ചു. വർഗീയതയ്ക്കെതിരെ സംസാരിക്കാൻ സതീശന് എന്ത് യോഗ്യതയാണ് ഉള്ളതെന്നും സുകുമാരൻ നായർ ചോദിച്ചു. തനിക്കെതിരെയും സതീശൻ എന്തൊക്കയോ പറ‍ഞ്ഞിട്ടുണ്ട്. സതീശനെ കോൺഗ്രസ് അഴിച്ചുവിട്ടിരിക്കുന്നത് ശരിയല്ല. സമുദായങ്ങൾക്കെതിരെ ഇത്രയും മോശമായി സംസാരിച്ച മറ്റൊരാളില്ല. അയാൾ എൻ എസ് എസിനെതിരെയും രൂക്ഷമായി പറഞ്ഞു. സമുദായങ്ങൾക്കെതിരെ പറഞ്ഞയാൾ അതിൽ ഉറച്ചുനിൽക്കണമായിരുന്നു. അല്ലാതെ തിണ്ണ നിരങ്ങാൻ നടക്കരുതായിരുന്നു എന്നും സുകുമാരൻ നായർ വിമർശിച്ചു.  നയപരമായ വിഷയങ്ങൾ തീരുമാനിക്കാൻ സതീശന് എന്ത് അധികാരം. കോൺഗ്രസിന് പ്രസിഡന്‍റ് ഇല്ലേ. കെ പി സി സി പ്രസിഡന്‍റ് നോക്കുകുത്തി ആണോ. എല്ലാത്തിനും കേറി സതീശൻ എന്തിനാണ് മറുപടി പറയുന്നത്. സതീശനേ അഴിച്ചു വിട്ടാൽ കോൺഗ്രസിന് തിരഞ്ഞെടുപ്പിൽ അടി കിട്ടുമെന്നും സുകുമാരൻ നായർ അഭിപ്രായപ്പെട്ടു. എസ് എൻ ഡി പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ കടുത്ത വിമർശനങ്ങൾക്ക് പിന്നാലെ എൻ എസ് എസ് ജനറൽ സെക്രട്ടറിയും സതീശനെതിരെ കടുപ്പിച്ച് രംഗത്തെത്തിയത് ശ്രദ്ധേയമായി.

Related Articles

Back to top button