ജി സുധാകരൻ്റെ വീട്ടിലെത്തി മൊഴിയെടുത്തു… കുരുക്ക് മുറുകും…..
സിപിഎം സ്ഥാനാർഥിക്കു വേണ്ടി തപാൽ വോട്ടുകൾ പൊട്ടിച്ചു തിരുത്തിയിട്ടുണ്ടെന്ന മുൻ മന്ത്രി ജി.സുധാകരന്റെ വെളിപ്പെടുത്തലിൽ നടപടി സ്വീകരിക്കാൻ നിർദേശം. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ആലപ്പുഴയിൽ ജി.സുധാകരന്റെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി.
തപാൽ വോട്ടിൽ കൃത്രിമത്വം വരുത്തി തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കുവാൻ ശ്രമിച്ചതായ വെളിപ്പെടുത്തലിന്മേൽ കേസ് എടുക്കാനും വിശദമായ അന്വേഷണം നടത്താനും വേണ്ട അടിയന്തര നടപടി സ്വീകരിക്കാൻ ആലപ്പുഴ ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർക്ക് രത്തൻ യു. ഖേൽക്കറാണ് നിർദേശം നൽകി.
പാർലമെന്റ് തിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥിക്കു വേണ്ടി തപാൽ വോട്ടുകൾ പൊട്ടിച്ചു തിരുത്തിയിട്ടുണ്ടെന്നും ഈ സംഭവത്തിൽ ഇനി തിരഞ്ഞെടുപ്പ് കമ്മിഷൻ തനിക്കെതിരെ കേസെടുത്താലും കുഴപ്പമില്ലെന്നും ജി.സുധാകരൻ പറഞ്ഞിരുന്നു. എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളന ഭാഗമായുള്ള പൊതുചടങ്ങിലാണു താനുൾപ്പെടെയുള്ളവർ ചേർന്ന് 36 വർഷം മുൻപ് നടത്തിയ തിരഞ്ഞെടുപ്പ് കൃത്രിമത്തെപ്പറ്റി സുധാകരൻ വെളിപ്പെടുത്തിയത്.
തപാൽ വോട്ടുകൾ പൊട്ടിച്ച് തിരുത്തിയിട്ടുണ്ടെന്ന മാധ്യമങ്ങളിൽ വന്ന വാർത്ത അത്യന്തം ഗൗരവമായി ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മിഷൻ കാണുന്നുവെന്നും രത്തൻ ഖേൽക്കർ വ്യക്തമാക്കി. തപാൽ വോട്ടുകൾ പൊട്ടിച്ച് തിരുത്തൽ വരുത്തി എന്നത് 1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ 136, 128 ഉൾപ്പെടെയുള്ള വകുപ്പുകൾ, 1961 ലെ തിരഞ്ഞെടുപ്പ് നടത്തിപ്പ് ചട്ടങ്ങൾ, ഭാരതീയ ന്യായ സംഹിത എന്നിവ അനുസരിച്ച് ഗുരുതരമായ നിയമലംഘനമാണ്. 1989ൽ ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പിലാണ് തപാൽ വോട്ടിൽ കൃത്രിമത്വം കാണിച്ചതായി വെളിപ്പെടുത്തൽ ഉണ്ടായിരിക്കുന്നത്. സ്വതന്ത്രവും നീതിയുക്തവും സുതാര്യവുമായാണ് രാജ്യത്ത് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മിഷൻ തിരഞ്ഞെടുപ്പുകൾ നടത്തുന്നത്. ജനപ്രാതിനിധ്യ നിയമം, തിരഞ്ഞെടുപ്പ് ചട്ടങ്ങൾ, ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മിഷന്റെ മാർഗ നിർദേശങ്ങൾ എന്നിവയ്ക്ക് വിധേയമായാണ് തിരഞ്ഞെടുപ്പുകൾ നടക്കുന്നതെന്നും ഡോ. രത്തൻ യു. ഖേൽക്കർ അറിയിച്ചു.
സിപിഎമ്മിന്റെ സർവീസ് സംഘടനയായ കെഎസ്ടിഎയുടെ നേതാവായിരുന്ന കെ.വി.ദേവദാസ് ആലപ്പുഴയിൽ മത്സരിച്ചപ്പോൾ ഇലക്ഷൻ കമ്മിറ്റി സെക്രട്ടറിയായിരുന്നു ഞാൻ. ജില്ലാ കമ്മിറ്റി ഓഫിസിൽ വച്ച് ഞാൻ ഉൾപ്പെടെയുള്ളവർ ചേർന്നു പോസ്റ്റൽ വോട്ടുകൾ പൊട്ടിച്ചു തിരുത്തിയിട്ടുണ്ട്. അന്നു സിപിഎം സർവീസ് സംഘനടകളിലെ അംഗങ്ങളുടെ വോട്ടിൽ 15% ദേവദാസിന് എതിരായിരുന്നു”. ’89 ലെ പാർലമെന്റ് തിരഞ്ഞെടുപ്പ് സംബന്ധിച്ചാണു സുധാകരന്റെ പരാമർശം. വക്കം പുരുഷോത്തമനെതിരെയാണ് അന്നു ദേവദാസ് മത്സരിച്ചത്. കാൽലക്ഷത്തിൽപരം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണു വക്കം അന്നു വിജയിച്ചത്.