മൗനം വെടിയാൻ ജി. സുധാകരൻ… സുധാകരന്റെ നിർണ്ണായക നിലപാട് നാളെ….. പുന്നപ്രയിൽ നാളെ വാർത്താസമ്മേളനം…

ആലപ്പുഴ: കേരള രാഷ്ട്രീയത്തെ മുൾമുനയിൽ നിർത്തി മുതിർന്ന സിപിഐഎം നേതാവ് ജി. സുധാകരൻ നിർണ്ണായക നീക്കത്തിലേക്ക്. നാളെ രാവിലെ 11 മണിക്ക് പുന്നപ്രയിലെ വീട്ടിൽ വെച്ച് അദ്ദേഹം വാർത്താസമ്മേളനം നടത്തുമെന്ന് അറിയിച്ചു. പാർട്ടി അംഗത്വം പുതുക്കുന്നില്ലെന്ന് പ്രഖ്യാപിച്ച് ഒരാഴ്ച പിന്നിടുമ്പോഴാണ് സുധാകരൻ മൗനം വെടിയുന്നത്.
അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ സുധാകരൻ തയ്യാറെടുക്കുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. കോൺഗ്രസ് നേതൃത്വവുമായി അദ്ദേഹം ഇതിനോടകം ചർച്ചകൾ പൂർത്തിയാക്കിയതായാണ് സൂചന. സുധാകരൻ മത്സരിക്കുകയാണെങ്കിൽ അമ്പലപ്പുഴ സീറ്റിൽ സ്ഥാനാർത്ഥിയെ നിർത്താതെ അദ്ദേഹത്തിന് പൂർണ്ണ പിന്തുണ നൽകാനാണ് യുഡിഎഫ് തീരുമാനം. കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾ സുധാകരനുമായി നേരിട്ട് ആശയവിനിമയം നടത്തിയിട്ടുണ്ട്.
സുധാകരനെ പാർട്ടിയിൽ ഉറപ്പിച്ചു നിർത്താൻ ജനറൽ സെക്രട്ടറി എം.എ. ബേബി, സി.എസ്. സുജാത തുടങ്ങിയ മുതിർന്ന നേതാക്കൾ ശ്രമിച്ചെങ്കിലും അദ്ദേഹം തന്റെ നിലപാടിൽ ഉറച്ചുനിന്നു. ഇതോടെ അനുനയത്തിനുള്ള എല്ലാ വാതിലുകളും സിപിഐഎം അടച്ചു. ആറര പതിറ്റാണ്ട് നീണ്ട പാർട്ടി ബന്ധം ഉപേക്ഷിച്ചാണ് അദ്ദേഹം പുതിയ രാഷ്ട്രീയ പരീക്ഷണത്തിന് മുതിരുന്നത്.
സുധാകരന്റെ വരവോടെ അമ്പലപ്പുഴ സീറ്റിനായി അവകാശവാദം ഉന്നയിച്ചിരുന്ന എ.എ. ഷുക്കൂർ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ നിലപാട് മയപ്പെടുത്തിയിട്ടുണ്ട്. സിപിഐഎമ്മിനെ ഞെട്ടിക്കുന്ന രാഷ്ട്രീയ നീക്കം ലക്ഷ്യമിട്ട് കോൺഗ്രസ് ഹൈക്കമാൻഡ് നേരിട്ടാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നത്.
നാളെ പുന്നപ്രയിലെ വീട്ടിൽ നടക്കുന്ന വാർത്താസമ്മേളനത്തിൽ ജി. സുധാകരൻ തന്റെ രാഷ്ട്രീയ ഭാവി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതോടെ കേരളത്തിലെ തിരഞ്ഞെടുപ്പ് ചിത്രം തന്നെ മാറിമറിയാനാണ് സാധ്യത.



