കളിക്കളത്തിൽ നിന്ന് ലഹരിയുടെ വേദിയിലേക്ക്…. എംഡിഎംഎയുമായി മുൻ സന്തോഷ് ട്രോഫി താരം പിടിയിൽ

തലസ്ഥാനത്ത് ഹോട്ടൽ മുറികൾ കേന്ദ്രീകരിച്ച് എംഡിഎംഎ കച്ചവടം നടത്തിയ മുൻ സന്തോഷ് ട്രോഫി താരം നജീബ് ഖാൻ പിടിയിലായി. എക്‌സൈസിന്റെയും നർക്കോട്ടിക്സ് സ്ക്വാഡിന്റെയും സംയുക്ത പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്. ലഹരി വിതരണത്തിനായി മൊബൈൽ ആപ്പുകൾ വഴിയാണ് ഇയാൾ ഇടപാടുകാരെ കണ്ടെത്തിയിരുന്നത്.
കേരളത്തിന്റെ മുൻ സന്തോഷ് ട്രോഫി ടീമംഗമായ നജീബ് ഖാൻ നിലവിൽ പൊതുമേഖലാ സ്ഥാപനമായ ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്‌സ് ലിമിറ്റഡിലെ സൂപ്രണ്ടായി ജോലി ചെയ്തുവരികയാണ്. ഹോട്ടൽ മുറികൾ വാടകയ്‌ക്കെടുത്താണ് ഇയാൾ ലഹരി ഇടപാടുകൾ നടത്തിയിരുന്നത്. മൊബൈൽ ആപ്പുകൾ വഴി ആവശ്യക്കാരെ കണ്ടെത്തുകയും നേരിട്ട് എത്തിച്ചു നൽകുകയുമായിരുന്നു രീതി. നജീബ് ഖാനിൽ നിന്ന് ലഹരിമരുന്ന് വാങ്ങുന്നവരിൽ നഗരത്തിലെ പ്രമുഖരും ഉൾപ്പെട്ടിട്ടുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
ഇയാളുടെ ഫോൺ രേഖകൾ കേന്ദ്രീകരിച്ചുള്ള പരിശോധനയിലൂടെ കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് പോലീസിന്റെ നീക്കം. രഹസ്യവിവരത്തെ തുടർന്ന് എക്‌സൈസും നർക്കോട്ടിക്സ് വിഭാഗവും സംയുക്തമായി നടത്തിയ നീക്കത്തിനൊടുവിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.



