പ്രദേശമാകെ രൂക്ഷഗന്ധം, തിരഞ്ഞപ്പോൾ കണ്ടത് സിമൻറ് ചാക്കുകളിലാക്കിയ…
സിമൻറെ ചാക്കുകളിൽ നിറച്ച കക്കൂസ് മാലിന്യം കുഴിയിൽ തള്ളിയതിനെ തുടർന്ന് കുഴി മൂടാനുള്ള ശ്രമം തടഞ്ഞ് നാട്ടുകാർ. കോഴിക്കോട് പന്തീരാങ്കാവ് കൊടൽനടക്കാവ് ഈരാട്ടുകുന്നിലാണ് സംഭവം. സ്വകാര്യ ഭൂമിയിലെ മാലിന്യം തള്ളിയ കുഴി മൂടാൻ നടത്തിയ ശ്രമമാണ് നാട്ടുകാർ തടഞ്ഞത്.
പ്രദേശമാകെ രൂക്ഷമായ ഗന്ധം പടർന്നതിനെ തുടർന്ന് കഴിഞ്ഞ ശനിയാഴ്ച നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മാലിന്യം കുഴിയിൽ തള്ളിയ നിലയിൽ കണ്ടെത്തിയത്. കുഴിയിലുണ്ടായിരുന്ന കെട്ടിക്കിടക്കുന്ന വെള്ളത്തിലേക്ക് സിമന്റ് ചാക്കുകളിൽ നിറച്ച മാലിന്യം തള്ളുകയായിരുന്നു. തുടർന്ന് ആരോഗ്യ വകുപ്പ് അധികൃതരെ വിവരം അറിയിച്ചു. അടിയന്തര നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞെങ്കിലും ഇത് മണ്ണിട്ട് മൂടാനുള്ള ശ്രമം നടന്നതോടെ നാട്ടുകാർ തടയുകയായിരുന്നു. ഇതോടെ പൊലീസ് സ്ഥലത്തെത്തി.