വൈപ്പിൻ വിഷമദ്യ ദുരന്തം; 44 വർഷത്തിന് ശേഷം അവസാനത്തെ ഇരയും മരിച്ചു

വൈപ്പിൻ വിഷമദ്യ ദുരന്തം നടന്ന് 44 വർഷങ്ങൾക്ക് ശേഷം, അവസാനത്തെ ഇരയും മരിച്ചു. അയ്യമ്പിള്ളി കരുത്തേരി വീട്ടിൽ നടേശൻ (80) ആണ് മരിച്ചത്. വിഷമദ്യം കഴിച്ചതിനെ തുടർന്ന് പൂർണമായും കാഴ്ചശക്തി നഷ്ടപ്പെട്ടിരുന്നു. ദുരന്തത്തിന് മുൻപ് പെട്ടി ഓട്ടോറിക്ഷ ഡ്രൈവറായി ജോലി ചെയ്തിരുന്ന നടേശൻ, പിൽക്കാലത്ത് വീടിന് സമീപത്ത് പെട്ടിക്കട നടത്തിയാണ് ജീവിച്ചത്. ഏറെക്കാലമായി വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് പൂർണമായും കിടപ്പിലായിരുന്നു. ചെറായി പൊതുശ്മശാനത്തിൽ മൃതദേഹം സംസ്കരിച്ചു. ഭാര്യ വിശാല. പ്രദീപ്, ദിലീപ്, സജീവ്, പ്രിയ എന്നിവർ മക്കളാണ്.
കേരള ചരിത്രത്തിലെ ഏറ്റവും ദാരുണമായ സംഭവങ്ങളിൽ ഒന്നാണ് വൈപ്പിൻ വിഷമദ്യ ദുരന്തം. 1982 സെപ്തംബർ മാസത്തിലെ ഉത്രാടം, തിരുവോണം നാളുകളിലായി, വൈപ്പിനിലെ വിവിധ മദ്യഷാപ്പുകളിൽ നിന്ന് മീഥൈൽ ആൽക്കഹോൾ കലർന്ന വിഷമദ്യം കഴിച്ച 77 പേരാണ് മരിച്ചത്. നൂറുകണക്കിന് ആളുകൾക്ക് കാഴ്ചശക്തിയടക്കം നഷ്ടമായി. കേസിൽ ആകെ 29 പ്രതികളാണ് ഉണ്ടായിരുന്നത്. ഇവരിൽ പലരും മദ്യഷാപ്പ് ലൈസൻസികളും നടത്തിപ്പുകാരുമായിരുന്നു. ഇവർക്ക് മദ്യം വിതരണം ചെയ്ത ഇകെ ചന്ദ്രസേനനായിരുന്നു കേസിലെ ഒന്നാം പ്രതി. ഇയാളുടെ സഹായിയായിരുന്ന ലക്ഷ്മണൻ കേസിൽ രണ്ടാം പ്രതിയായിരുന്നു. ഇവർ ഇരുവരെയും കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. സംസ്ഥാന രാഷ്ട്രീയത്തിൽ വൻ വിവാദമായ ഈ ദുരന്തത്തിന് പിന്നാലെയാണ് മദ്യനയത്തിൽ വലിയ മാറ്റം വരുത്താൻ സർക്കാർ തീരുമാനിച്ചത്.



