കാണാനില്ലെന്നും വീട്ടുതടങ്കലിലാണെന്നും അഭ്യൂഹങ്ങൾ; ഒടുവിൽ രംഗത്ത്; എം.എൽ.എ പെൻഷന് അപേക്ഷയുമായി മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ..
എം.എൽ.എ പെൻഷന് അപേക്ഷയുമായി മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ. കാണാനില്ലെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ജഗ്ദീപ് രംഗത്തെത്തിയിരിക്കുന്നത്. ഉപരാഷ്ട്രപതി പദവിയിൽ നിന്നും അപ്രതീക്ഷിതമായി രാജിവെച്ച ജഗ്ദീപ് 1993മുതൽ 1998 വരെ രാജസ്ഥാൻ നിയമസഭയിൽ കോൺഗ്രസ് പ്രതിനിധിയായി പ്രവർത്തിച്ച കാലയളവിലെ എം.എൽ.എ പെൻഷനുള്ള അപേക്ഷയാണ് സമർപ്പിച്ചത്. കിഷൻഗഡിൽ നിന്നുള്ള കോൺഗ്രസ് നിയമസഭ അംഗമായിരുന്ന ധർകർ 2003ലാണ് ബി.ജെ.പിയിലേക്ക് മാറിയത്. 2019ൽ പശ്ചിമ ബംഗാൾ ഗവർണറായി നിയമിക്കപ്പെടുന്നത് വരെ എം.എൽ.എ പെൻഷനും ഇദ്ദേഹം വാങ്ങിയിരുന്നു.
2022 ജൂലായ് വരെ ഗവർണറായി പ്രവർത്തിച്ച ശേഷമായിരുന്നു എൻ.ഡി.എയുടെ ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി സ്ഥാനാർഥിയായി രംഗത്തുവരുന്നത്. വെല്ലുവിളിയില്ലാതെ തെരഞ്ഞെടുക്കപ്പെട്ട ധൻകർ വെങ്കയ്യ നായിഡുവിന്റെ പിൻഗാമിയായി ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി സ്ഥാനമേറ്റു. എന്നാൽ, കാലാവധി പൂർത്തിയാകും മുമ്പേ ജൂലായ് 21ന് പാർലമെന്റ് സമ്മേളന കാലളവിനിടെ രാജിവെച്ച് ഒഴിയുകയായിരുന്നു. ആരോഗ്യ കാരണങ്ങളാൽ രാജിവെക്കുന്നുവെനന് അറിയിച്ചാണ് ഉപരാഷ്ട്രപതി പദവിയൊഴിഞ്ഞത്.
രാജി സംബന്ധിച്ച് നിരവധി ഊഹാപോഹങ്ങൾ ഉയരുകയും, മാധ്യമങ്ങളിൽ നിന്നും പൊതു ഇടങ്ങളിൽ നിന്നുമുള്ള അപ്രത്യക്ഷമാവലും വിവാദമായി. ഇതിനിടെയാണ് രാജസ്ഥാൻ നിയമസഭ സെക്രട്ടറിക്ക് മുൻ എം.എൽ.എ എന്ന നിലയിലുള്ള പെൻഷൻ അപേക്ഷ സമർപ്പിക്കുന്നത്. ഉപരാഷ്ട്രപതി സ്ഥാനത്തു നിന്നുള്ള രാജിമുതലുള്ള കാലയളവിൽ എം.എൽ.എ പെൻഷന് ഇദ്ദേഹം അർഹനായിരിക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഒരു തവണ എം.എൽ.എ ആയവർക്ക് 35,000 രൂപയാണ് രാജസ്ഥാനിലെ പെൻഷൻ. 70 വയസ്സ് കടന്നവരാണെങ്കിൽ ഇതിൽ 20 ശതമാനം വർധനവ് നൽകും. അതുപ്രകാരം 74കാരനായ ധൻകറിന് 42,000 രൂപ പെൻഷനായി ലഭിക്കും.
മുൻ കോൺഗ്രസ് നേതാവായിരുന്ന ജഗ്ദീപ് ധൻകർ 1989-91 കാലയളവിൽ ലോക്സഭ അംഗവുമായിരുന്നു. ചന്ദ്രശേഖർ മന്ത്രിസഭയിൽ പാർലമെന്ററി കാര്യമന്ത്രിയായും പ്രവർത്തിച്ചു. 2003ലാണ് ബി.ജെ.പിയിലേക്ക് കൂടുമാറുന്നത്.
ഉപരാഷ്ട്രപതി സ്ഥാനത്തു നിന്നും അപ്രതീക്ഷിതമായി രാജിവെച്ചതിനു പിന്നാലെ ജഗ്ദീപ് ധൻകറിനെ കാണാനില്ലെന്ന് പ്രതിപക്ഷ വിഭാഗങ്ങൾ ആരോപണമുന്നയിച്ചിരുന്നു. വീട്ടുതടങ്കലിലാണെന്നും പ്രസ്താവനകളുണ്ടായി. ബി.ജെ.പിയുമായി അകന്നു തുടങ്ങിയ ധൻകറിനെ നിശബ്ദമാക്കുകയാണ് സർക്കാർ എന്നും പ്രതിപക്ഷം ആരോപിച്ചു. എന്നാൽ, ആരോഗ്യ കാരണങ്ങളാലാണ് രാജിയെന്ന മറുപടിയുമായി ആഭ്യന്തര മന്ത്രി അമിത് ഷായും രംഗത്തെത്തി.
ധർകറിന്റെ പിൻഗാമിയെ കണ്ടെത്താനുള്ള ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് സെപ്റ്റംബർ ഒമ്പതിന് നടക്കും. മഹാരാഷ്ട്ര ഗവർണർ സി.പി രാധാകൃഷ്ണനാണ് എൻ.ഡി.എയുടെ സ്ഥാനാർഥി. സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് ബി. സുദർശൻ റെഡ്ഡിയാണ് ഇൻഡ്യ മുന്നണിയുടെ സ്ഥാനാർഥി.