മുന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ വീട് കത്തി, സാധനങ്ങൾക്ക് ഒപ്പം കത്തി നശിച്ചതിൽ രണ്ടര ലക്ഷം രൂപയുടെ നോട്ടുകളും

താമരശ്ശേരിയില്‍ ഈങ്ങാപ്പുഴ മാപ്പിളപറമ്പില്‍ വീടിന് തീപിടിച്ച് വന്‍ നാശനഷ്ടം. മുന്‍ പുതുപ്പാടി പഞ്ചായത്ത് പ്രസിഡന്റ് പി.പി മുഹമ്മദ് മാസ്റ്ററുടെ വീടിനാണ് ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെ തീപിടിച്ചത്. അലമാരയില്‍ സൂക്ഷിച്ച രണ്ടര ലക്ഷം രൂപയുള്‍പ്പെടെ കത്തിനശിച്ചു. വീടിന്റെ മരത്തടിയില്‍ തീര്‍ത്ത സീലിംങ്ങ്, വയറിംഗ്, കട്ടിലുകള്‍, അലമാര എന്നിവ പൂര്‍ണമായി കത്തി നശിച്ച നിലയിലാണ്. മുഹമ്മദ് മാസ്റ്ററും മകള്‍ ജമീലയുമാണ് വീട്ടിലുണ്ടായിരുന്നത്. ബഹളം കേട്ട് അയല്‍വാസികളും, ബന്ധുക്കളും ഓടിയെത്തിയാണ് തീയണച്ചത്. മുക്കം ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിച്ചിരുന്നെങ്കിലും ഒരു മണിക്കൂറിന് ശേഷമാണ് സ്ഥലത്തെത്തിയത്. അപ്പോഴേക്കും തീ നിയന്ത്രണവിധേയമായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. റവന്യു അധികൃതരും, പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി.  

Related Articles

Back to top button