തീവ്ര വോട്ടർ പട്ടിക പരിഷ്കരണം; മുൻ എംഎൽഎയും ഭാര്യയും പട്ടികയിലില്ല, വിമർശനവുമായി രാഷ്ട്രീയ പാർട്ടികൾ

തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൽ ഖേൽക്കർ വിളിച്ച യോഗത്തിൽ വിമർശനവുമായി രാഷ്ട്രീയ പാർട്ടികൾ. നിലവിൽ 24.08 ലക്ഷം പേർ പട്ടികയിൽ നിന്ന് പുറത്താണ്. എന്നാൽ യോഗത്തിൽ ഈ കണക്കിനെ ബിജെപി ഒഴികെയുള്ള പാർട്ടികൾ വിമർശിച്ചു. ഫോം നൽകിയിട്ടും തന്നെയും ഭാര്യയെയും പട്ടികയിൽ നിന്ന് ഒഴിവാക്കിയെന്ന് മുൻ എംഎൽഎയും സിപിഐ നേതാവുമായ രാജാജി മാത്യു തോമസ് പരാതിപ്പെട്ടു. ഇനി വോട്ടുറപ്പിക്കാൻ ഉദ്യോഗസ്ഥ പ്രമാണിമാരുടെ പിന്നാലെ നടക്കണമെന്നും രാജാജി മാത്യു പറഞ്ഞു.
വോട്ടർമാരെ കണ്ടെത്താനായില്ലെന്നും ഫോം സ്വീകരിച്ചില്ലെന്നുമുള്ള ബിഎൽഒമാരുടെ റിപ്പോർട്ട് കളവാണെന്നും സിപിഎം നേതാവ് എംവി ജയരാജൻ വിമർശിച്ചു. തിരുവനന്തപുരം മണ്ഡലത്തിലെ ഒരു ബൂത്തിൽ കണ്ടെത്താനായില്ലെന്ന് പറഞ്ഞ് 710 പേരെ ഒഴിവാക്കിയെന്ന് കോൺഗ്രസ് പ്രതിനിധി എംകെ റഹ്മാൻ ചൂണ്ടിക്കാട്ടി. എസ്ഐആറിന് അനുവദിച്ച സമയം നീട്ടണമെന്നും പാർട്ടികൾ ആവശ്യപ്പെട്ടു. കരട് പട്ടികയിലെ പിഴവ് ചൂണ്ടിക്കാണിച്ചാൽ ഇലക്ടറൽ രജിസ്ടേഷൻ ഓഫീസർമാർ തിരുത്തുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ മറുപടി നൽകി.



