വിഎസിനെ തോല്‍പ്പിച്ച് ആദ്യമായി നിയമസഭയില്‍.. മുന്‍ എംഎല്‍എ അഡ്വ. പി ജെ ഫ്രാന്‍സിസ് അന്തരിച്ചു…

കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയും അഭിഭാഷകനുമായ പിജെ ഫ്രാന്‍സിസ് അന്തരിച്ചു. 88 വയസ്സായിരുന്നു. ബുധനാഴ്ച ഒന്‍പതു മണിയോടെ ആലപ്പുഴ കോണ്‍വെന്റ് ജങ്ഷനിലെ വീട്ടിലായിരുന്നു അന്ത്യം.വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് അന്ത്യം. 1996ലാണ് പി ജെ ഫ്രാന്‍സിസ് അച്യുതാനന്ദനെ പരാജയപ്പെടുത്തി നിയമസഭയിലെത്തിയത്. ആലപ്പുഴ വഴിച്ചേരി വാര്‍ഡില്‍ പള്ളിക്കത്തൈ വീട്ടില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു ഫ്രാന്‍സിസ്.

1987ലാണ് പി ജെ ഫ്രാന്‍സിസ് ആദ്യമായി പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ലീഡര്‍ കെ കരുണാകരന്‍ ആവശ്യപ്പെട്ടതനുസരിച്ച് കെആര്‍ ഗൗരിയമ്മക്കെതിരെ അരൂരില്‍ പോരിനിറങ്ങി. 1991ലും അരൂരില്‍ മത്സരിച്ചു. രണ്ടിലും പരാജയമായിരുന്നു ഫലം. 1996ല്‍ എകെ ആന്റണി വസതിയിലെത്തി മാരാരിക്കുളത്ത് മത്സരിക്കാന്‍ ആവശ്യപ്പെട്ടതോടെയാണ് ഹാട്രിക് മത്സരത്തിന് പിജെ ഇറങ്ങിയത്. എന്നാല്‍ വമ്പന്‍ അട്ടിമറിയിലൂടെ സിപിഎമ്മിന്റെ കരുത്തനായ നേതാവ് വിഎസ് അച്യുതാനന്ദനെ പരാജയപ്പെടുത്തി ആദ്യമായി നിയമസഭയിലെത്തി. 2001ല്‍ വീണ്ടും മാരാരിക്കുളത്തെത്തിയപ്പോള്‍ തോമസ് ഐസകിനോട് പരാജയപ്പെട്ടു.

സെന്റ് ജോസഫ് വനിത കോളേജിലെ ചരിത്ര പ്രൊഫസറായ വി പി മറിയാമ്മയാണ് പി ജെ ഫ്രാന്‍സിസിന്റെ ഭാര്യ. രണ്ട് ആണ്‍ മക്കളും രണ്ട് പെണ്‍മക്കളുമുണ്ട്.

Related Articles

Back to top button