കുന്നംകുളം മുൻ എംഎൽഎ ബാബു എം പാലിശേരി അന്തരിച്ചു
സിപിഐ എം നേതാവും മുൻ കുന്നംകുളം എംഎൽഎ യുമായ ബാബു എം പാലിശ്ശേരി നിര്യാതനായി. 67 വയസായിരുന്നു. പാർക്കിൻസൺസ് രോഗത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. കടുത്ത ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് രണ്ടുദിവസം മുൻപാണ് കുന്നംകുളം യൂണിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സ തുടരുന്നതിനിടെയാണ് അന്ത്യം. 2006, 2011 കാലഘട്ടങ്ങളിൽ കുന്നംകുളം എംഎൽഎ ആയിരുന്നു.
1980-ൽ ഡിവൈഎഫ്ഐയിലൂടെയാണ് പൊതുരംഗത്തെത്തിയത്. ഡിവൈഎഫ്ഐയുടെ സംസ്ഥാന നിർവ്വാഹക സമിതി അംഗം, സി.പി.ഐ (എം) തൃശ്ശൂർ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച അദ്ദേഹം പ്രമുഖ ഇടതുപക്ഷ രാഷ്ട്രീയ നേതാവായിരുന്നു. 2001-ലും 2006-ലും കുന്നംകുളം നിയോജക മണ്ഡലത്തിൽ നിന്നുമുള്ള കേരള നിയമസഭയിലെ അംഗമായിരുന്ന ബാബു എം. പാലിശ്ശേരി, ജനകീയ വിഷയങ്ങൾ സഭയിലെത്തിക്കുന്നതിൽ അതീവ ശ്രദ്ധ പുലർത്തിയിരുന്നു. ഗ്രന്ഥശാലാ സംഘം ജില്ലാ പ്രസിഡന്റ്, സിഐടിയു ജോയിന്റ് സെക്രട്ടറി, കേരള കലാമണ്ഡലം എക്സിക്യൂട്ടീവ് ബോർഡ് അംഗം തുടങ്ങി സാംസ്കാരിക, തൊഴിലാളി, കായിക മേഖലകളിലെല്ലാം അദ്ദേഹം നിർണ്ണായക പങ്കുവഹിച്ചു.
മുൻ നിയമസഭാംഗവും സി പി ഐ എം നേതാവുമായിരുന്ന ബാബു എം. പാലിശ്ശേരിയുടെ നിര്യാണത്തിൽ സ്പീക്കർ അനുശോചനം രേഖപ്പെടുത്തി. ബാബു എം. പാലിശ്ശേരിയുടെ വിയോഗത്തിൽ കേരള നിയമസഭയുടെ പേരിലും തൻ്റെ പേരിലുമുള്ള അനുശോചനം രേഖപ്പെടുത്തുന്നുവെന്നും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും സ്പീക്കർ പറഞ്ഞു