മുൻ കെ.പി.സി.സി സെക്രട്ടറി പി.ജെ. പൗലോസ് അന്തരിച്ചു..
കെ.പി.സി.സി മുൻ സെക്രട്ടറി പി.ജെ. പൗലോസ് അന്തരിച്ചു. 79 വയസ്സായിരുന്നു. അർബുദ ബാധിതനായി ചികിത്സയിൽ കഴിയവെയാണ് അന്ത്യം. ആരോഗ്യനില വഷളായതിനെ തുടർന്ന് ചൊവ്വാഴ്ച രാത്രി 10.30ഓടെ മണ്ണാർക്കാട് വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ബുധനാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് അന്ത്യം. മുൻ ജില്ലാ പഞ്ചായത്ത് അംഗം കൂടിയായിരുന്നു പി.ജെ പൗലോസ്.
പാലക്കാട് ജില്ലയിൽ കോൺഗ്രസ് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച പൗലോസ്, പ്രമുഖ നേതാവായിരുന്ന പി. ബാലന്റെ സന്തതസഹചാരി ആയിരുന്നു. ലാളിതമായ ജീവിതശൈലി കൊണ്ട് ശ്രദ്ധേയനായിരുന്ന അദ്ദേഹം ഉമ്മൻചാണ്ടി, എ.കെ. ആന്റണി തുടങ്ങിയ നേതാക്കളുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. പാർട്ടിക്കുള്ളിൽ എ ഗ്രൂപ്പിൻറെ മുഖമായിരുന്നു പി.ജെ. പൗലോസ്. ഭാര്യ: ലീലാമ്മ പോൾ, മക്കൾ: ജോഷി പോൾ, മിനി ജോജു, സൗമ്യ ബാബു.



