മുൻ എ.ഐ.സി.സി അംഗം എൻ.കെ സുധീർ ബി.ജെ.പിയിൽ..

മുൻ എ.ഐ.സി.സി അംഗവും ചേലക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരളയുടെ സ്ഥാനാർഥിയുമായിരുന്ന എൻ.കെ സുധീർ ബി.ജെ.പിയിൽ ചേർന്നു. തിരുവനന്തപുരത്ത് കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷായുടെസാന്നിധ്യത്തിൽ ആണ് എൻ.കെ സുധീർ ബി.ജെ.പി അംഗത്വം സ്വീകരിച്ചത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ, ബി.ഡി.ജെ.എസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

ആലത്തൂർ ലോക്‌സഭാ ഇലക്ഷനിൽ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ചിട്ടുണ്ട്. ദളിത്‌ കോൺഗ്രസ്‌ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി, കെ.പി.സി.സി സെക്രട്ടറി എന്നീ ചുമതലകളും സുധീർ വഹിച്ചിട്ടുണ്ട്.

ചേലക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരളയുടെ സ്ഥാനാർഥിയായിരുന്നു എൻ.കെ സുധീർ, പി.വി അൻവറിന്റെ യു.ഡി.എഫ് പ്രവേശനം വൈകുന്ന ഘട്ടത്തിലേക്കാണ് സുധീർ പാർട്ടി വിടുന്നതെന്നും സൂചനയുണ്ട്. അതേസമയം കടുത്ത പാർട്ടി വിരുദ്ധ പ്രവർത്തനം ആരോപിച്ച് എൻ കെ സുധീറിനെതിരെ തൃണമൂൽ കോൺഗ്രസ് കഴിഞ്ഞ ദിവസം നടപടിയെടുത്തിരുന്നു. മൂന്ന് വർഷത്തേക്ക് പാർട്ടിയിൽ നിന്നും പുറത്താക്കിയതായി ടി.എം.സി നേതാവ് പി.വി അൻവർ അറിയിക്കുകയായിരുന്നു. ഫേസ്ബുക്കിലൂടെയാണ് അൻവർ നടപടിയെക്കുറിച്ച് അറിയിച്ചത്.

ചേലക്കരയിൽ സി.പി.എം സ്ഥാനാർഥി യു.ആർ പ്രദീപ് വിജയിച്ചപ്പോൾ സുധീർ നേടിയത് 3920 വോട്ടാണ്. കോൺഗ്രസ് സ്ഥാനാർഥി പട്ടിക വന്നപ്പോൾ തന്നെ ഒഴിവാക്കിയതോടെയാണ് പി.വി അൻവറിന്റെ പാർട്ടിയുടെ ഭാഗമായി മത്സരിക്കാൻ എൻ കെ സുധീർ തീരുമാനിച്ചത്.

Related Articles

Back to top button