ബത്തേരിയിലെ പുലി കാണാമറയത്ത്..കനത്ത മഴയിൽ കൂടിന് ബലക്ഷയം…
നഗര പ്രാന്തത്തില്‍ ജനവാസ മേഖലയില്‍ ദിവസങ്ങളോളം രാത്രിയില്‍ എത്തി കോഴിയെ ‘മോഷ്ടിച്ച്’ കടന്നുകളഞ്ഞിരുന്ന പുലിയെ ഇനിയും കണ്ടെത്താനായില്ല. പുലി ഉടന്‍ ട്രാപ്പിലാകുമെന്ന പ്രതീക്ഷയിലായിരുന്നു വനംവകുപ്പ് രണ്ട് കൂടുകള്‍ സ്ഥാപിച്ചത്. എന്നാല്‍ പ്രതീക്ഷളെയെല്ലാം അസ്ഥാനത്താക്കി പുലി പ്രദേശം തന്നെ വിട്ടുപോയതായാണ് ഇപ്പോഴത്തെ നിഗമനം. സ്ഥാപിച്ചവയില്‍ ഒരു കൂട് (ട്രാപ്പ് കേജ്) ഒരു മാസത്തിനടുത്തായി മഴയത്തു കിടക്കുകയാണെന്നും തുടര്‍ച്ചയായി പെയ്യുന്ന ശക്തമായ മഴയില്‍ കൂടിന്റെ അടിഭാഗത്ത് (പ്ലാറ്റ്‌ഫോം) സ്ഥാപിച്ച പ്ലൈവുഡിന് ബലക്ഷയം സംഭവിച്ചതിനാല്‍ അടിയന്തിരമായി കൂട് മാറ്റി സ്ഥാപിക്കുകയാണെന്ന് വനംവകുപ്പ് അറിയിച്ചു
കഴിഞ്ഞ മാസം ബത്തേരി നഗരത്തിനടുത്ത് താമസിക്കുന്ന പുതുശ്ശേരിയില്‍ പോള്‍ മാത്യൂസിന്റെ വീട്ടില്‍ രാത്രിയില്‍ പലതവണ പുലിയെത്തുകയും കോഴികളെ പിടിക്കുകയും ചെയ്തതോടെയാണ് വനംവകുപ്പ് കൂട് സ്ഥാപിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ പോള്‍ മാത്യൂസിന്റെ വീട്ടില്‍ പുലി എത്തിയപ്പോള്‍ കൂട് സ്ഥാപിക്കാന്‍ തയ്യാറാകാതെയിരുന്ന വനംവകുപ്പിന്റെ നടപടി പോള്‍ മാത്യൂസ് കോടതിയില്‍ ചെയ്തതോടെയാണ് നടപടി വേഗത്തിലായത്. മെയ് 21ന് ഉച്ച കഴിഞ്ഞാണ് ആദ്യത്തെ കൂട് സ്ഥാപിച്ചത്.
ഇരയായി കോഴികളെ വെച്ചിരുന്നെങ്കിലും പുലി പിന്നീട് ആ ഭാഗത്തേക്ക് എത്തിയതേയില്ല. ഇതിന് പിന്നാലെ വെള്ളിയാഴ്ച പ്രദേശത്തെ സ്‌കൂള്‍ മതിലിനു മുകളിലൂടെ നടന്ന് നീങ്ങുന്ന പുലിയുടെ കാര്‍ യാത്രക്കാരന്‍ പകര്‍ത്തിയ ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതോടെയാണ് വനംവകുപ്പ് രണ്ടാമത്തെ കൂട് സ്ഥാപിക്കുകയായിരുന്നു