ചോക്കാട് നെല്ലിക്കര മലവാരത്ത് കാട്ടുതീ പടരുന്നു; ഏക്കര്‍കണക്കിന് വനം കത്തി നശിച്ചു, ഫോട്ടോയും വീഡിയോയും എടുക്കരുതെന്ന്…

ചോക്കാട് നെല്ലിക്കര മലവാരത്ത് കാട്ടുതീ പടരുകയാണ്. വനം വകുപ്പ് ഉദ്യോഗസ്ഥരും, വന സംരക്ഷണ സമിതിയും നാട്ടുകാരുമുൾപ്പെടെ തീ നിയന്ത്രിക്കാനുള്ള പരിശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും ഇവയൊന്നും പൂർണമായി ഫലം കണ്ടില്ല.
അതേസമയം, നെല്ലിക്കര മലവാരത്തില്‍നിന്ന് മറ്റ് ഭാഗങ്ങളിലേക്ക് തീ പടരുന്നത് തടയാൻ കഴിഞ്ഞിട്ടുണ്ട്. നാല്‍പ്പതുസെന്റ് നഗറില്‍ നെല്ലിക്കര മലവാരത്തിലും തീ പടരുകയാണ്. കാട്ടുതീ പടരാനുള്ള കാരണം എന്താണെന്ന് കണ്ടെത്തിയിട്ടില്ല. നിലവിൽ ഏക്കർ കണക്കിന് വനം കത്തിയമർന്ന നിലയിലാണ്.

ജനവാസ കേന്ദ്രങ്ങളിലേക്കും കൂടുതല്‍ വന ഭാഗങ്ങളിലേക്കും തീ പടരാതിരിക്കാനുള്ള സംവിധാനം ഒരുക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാര്‍. രണ്ട് വര്‍ഷം മുമ്പും സമാന സ്ഥലങ്ങളില്‍ തീ പടര്‍ന്നിരുന്നു. അന്ന് നൂറുകണക്കിന് ഏക്കര്‍ വനമാണ് കത്തി നശിച്ചത്. തുടര്‍ന്ന് നാട്ടുകാരും വിവിധ ക്ലബുകളുടെ നേതൃത്വത്തിലും നടത്തിയ ദിവസങ്ങളോളം നീണ്ട പരിശ്രമത്തിന് ശേഷമാണ് പൂർണമായും തീയണക്കാനായത്.

അമ്പതോളം വരുന്ന നാട്ടുകാര്‍ മൂന്ന് ഗ്രൂപ്പുകളായിട്ടാണ് തീ അണക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്. കാട്ടുതീയുടെ ചിത്രങ്ങൾ പകർത്തുന്നതിനും വീഡിയോ ചിത്രീകരിക്കുന്നതിനും വനം വകുപ്പ് കര്‍ശന വിലക്കേർപ്പെടുത്തിയിട്ടുണ്ട്. നാല്‍പത് സെന്റ് നഗറില്‍ നിന്ന് രണ്ട് കിലോമീറ്ററോളം ഉള്‍വനത്തിലാണ് കാട്ടുതീ പടരുന്നത്. നാല്‍പത് സെന്റ്‌ നഗറില്‍ നിന്ന് മലവാരത്തിലെ കാട്ടുതീ പടരുന്നത് നിയന്ത്രിക്കാന്‍ ഉള്ള ശ്രമങ്ങൾ തുടരുകയാണ്. മേഖലയിൽ പൂര്‍ണമായി തീ നിയന്ത്രണത്തിലാക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാര്‍.

Related Articles

Back to top button