‘ഡല്‍ഹി കണ്ട് നിരാശരാകരുത്.. വ്യത്യസ്തമായ ഒരു ലോകമാണ് കേരളം.. വളരെ മനോഹരവും ശാന്തവുമാണ്’.. അനുഭവം പങ്കിട്ട് വിദേശ വനിത…
യാത്ര ചെയ്തതില്‍ ഇതുവരെ ഏറ്റവും മനോഹരവും ശാന്തവുമായ സ്ഥലങ്ങളില്‍ ഒന്ന് കേരളമാണെന്ന് എമ്മ എന്ന വിദേശ വനിത. കായല്‍, കടല്‍ത്തീരങ്ങള്‍, വന്യജീവികള്‍, മന്ദഗതിയിലുള്ള ജീവിതം എന്നിവയ്ക്കിടയില്‍ കേരളം തികച്ചും വ്യത്യസ്തമായ ഒരു ലോകം പോലെ തോന്നിയെന്നും എമ്മ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
വര്‍ക്കലയിലെ പാറക്കെട്ടുകള്‍ക്ക് മുകളിലൂടെയുള്ള സ്വര്‍ണ്ണ സൂര്യാസ്തമയം, ആലപ്പുഴയിലെ ഹൗസ് ബോട്ടുകള്‍ മുതല്‍ ആയുര്‍വേദ ചികിത്സകളും സുഗന്ധവ്യഞ്ജന തോട്ടങ്ങള്‍ വരെ അതില്‍ പെടുന്നു. ഇന്ത്യയില്‍ ഇനിയും അനന്തമായ വശങ്ങള്‍ കണ്ടെത്താനുണ്ടെന്നതിന് തെളിവാണ് കേരളം. ഇപ്പോള്‍ താന്‍ ഡല്‍ഹിയിലെ ബഹളങ്ങള്‍ക്കിടയിലാണെങ്കിലും തന്റെ ഹൃദയം കേരളത്തിലാണ്. നിങ്ങളുടെ എല്ലാ ഇന്ദ്രിയങ്ങളെയും പരീക്ഷിക്കുന്ന സ്ഥലങ്ങളില്‍ ഒന്നാണ് ഡല്‍ഹി. ഗതാഗതം, എപ്പോഴും ബഹളം, ജനക്കൂട്ടം, കുഴപ്പങ്ങള്‍. ആദ്യമായി ഇത് കാണുമ്പോള്‍ നിങ്ങള്‍ക്ക് സഹിക്കാന്‍ പറ്റിയെന്ന് വരില്ലെന്നും എമ്മ പറയുന്നു.
ഡല്‍ഹിയില്‍ ചിലവഴിക്കുന്ന സമയം നേരത്തെ തന്നെ ആസൂത്രണം ചെയ്യണം. ഡല്‍ഹിയില്‍ ആദ്യമെത്തുന്നവര്‍ നിരാശരാകരുതെന്നും രാജ്യത്തെ അവിശ്വസനീയമായ ബാക്കിഭാഗങ്ങള്‍ പര്യവേക്ഷണം ചെയ്യണമെന്നും എമ്മ പറഞ്ഞു. ഡല്‍ഹിയേക്കാള്‍ വളരെയേറെ ഇന്ത്യയില്‍ കാണാനുണ്ടെന്നും കേരളത്തെ എടുത്തുപറഞ്ഞുകൊണ്ട് എമ്മ പറഞ്ഞു.