വിഴിഞ്ഞത്തെത്തിയ വിദേശ കപ്പലിൻ്റെ നിയന്ത്രണംതെറ്റി.. ആഴക്കടലിലേക്ക് ഒഴുകിപ്പോയി… ഒഴുകിപ്പോയത്…

അന്താരാഷ്ട്ര തുറമുഖത്തെത്തിയ വിദേശ കപ്പലിൻ്റെ നിയന്ത്രണംതെറ്റി ആഴക്കടലിലേക്ക് ഒഴുകിപ്പോയി.ചരക്കുകളുടെ കയറ്റിറക്കത്തിനെത്തിയ വിദേശ കപ്പലിന്റെ എൻജിൻ തകരാറായതിനെ തുടർന്ന് നിയന്ത്രണംതെറ്റി ആഴക്കടലിലേക്ക് ഒഴുകിപ്പോകുകയായിരുന്നു.
27-ന് രാത്രിയിൽ കൊളംബോയിൽ നിന്നെത്തിയശേഷം തുറമുഖത്തേക്ക് അടുപ്പിക്കുന്നതിന് ഊഴംകാത്തുകിടന്ന എംവി-കൈമിയ II-ന്റെ മൂന്ന് ജനറേറ്ററുകളിൽ രണ്ടെണ്ണത്തിന്റെ പ്രവർത്തനം പാടെ നിലച്ചിരുന്നു. ഇത് പരിഹരിക്കാൻ ശ്രമിക്കുന്നതിനിടയിൽ കപ്പലിന്റെ എൻജിന്റെ പ്രവർത്തനവും തകരാറിലാവുകയായിരുന്നു.28- ന് രാവിലെയോടെ എൻജിന്റെ പ്രവർത്തനവും പൂർണമായും നിലച്ചതോടെ നിയന്ത്രണംതെറ്റിയ കപ്പൽ തുറമുഖപരിധിയിലെ പുറംകടലിൽനിന്ന് ശക്തമായ ഒഴുക്കിൽപ്പെട്ട് തമിഴ്‌നാട് നാഗർകോവിൽ ഭാഗത്തേക്കുള്ള ആഴക്കടലിലേക്ക് ഒഴുകിപ്പോകുകയായിരുന്നു.
സംഭവത്തെത്തുടർന്ന് തുറമുഖത്തെ വലിയ ടഗ്ഗ് ബോട്ടുകളടക്കമുള്ള സർവസന്നാഹങ്ങൾ ആഴക്കടലിലൂടെ ഒഴുകിപ്പോകുകയായിരുന്ന ചരക്കുകപ്പലിനടുത്തെത്തി. തുടർന്ന് സാങ്കേതിക സംഘങ്ങൾ കപ്പലിലേക്ക് കയറി എൻജിന്റെ തകരാറുകൾ ഭാഗികമായി പരിഹരിച്ച് ടഗ്ഗ് ബോട്ടുകളുടെ സഹായത്തോടെ തുറമുഖ ബെർത്തിലെത്തിച്ചു.


