വെറും 1000 രൂപക്ക് വേണ്ടി ചെയ്ത  കൈ അബദ്ധം,  ജോലിയും മാനവും പോയി, ഏഴ് വർഷം തടവും 35000 രൂപ പിഴയും

സ്ഥലത്തിന്റെ പോക്കുവരവ് ചെയ്തുനൽകാൻ കൈക്കൂലി വാങ്ങിയ കേസിൽ വെൺമണി വില്ലേജ് ഓഫീസിലെ മുൻ വില്ലേജ് അസിസ്റ്റന്റിന് ഏഴ് വർഷം കഠിനതടവും 35,000 രൂപ പിഴയും. കൊട്ടാരക്കര സ്വദേശി എ കെ സക്കീർ ഹുസൈനെയാണ് കോട്ടയം വിജിലൻസ് കോടതി ജഡ്ജി കെ വി രജനീഷ് ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായാണ് ശിക്ഷയെങ്കിലും ഇവ ഒരുമിച്ച് അനുഭവിച്ചാൽ മതി.

2013-ലായിരുന്നു കേസിനാസ്പദമായ സംഭവം. പത്തനംതിട്ട കൈപ്പുഴ സ്വദേശി വെൺമണി വില്ലേജ് പരിധിയിൽ വാങ്ങിയ 27.5 സെന്റ് സ്ഥലം പോക്കുവരവ് ചെയ്യുന്നതിനായി 1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ആലപ്പുഴ വിജിലൻസ് ഇയാളെ പിടികൂടുകയായിരുന്നു. ആലപ്പുഴ വിജിലൻസ് മുൻ ഡിവൈഎസ്‌പി അശോക് കുമാർ ആണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. വിജിലൻസിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ കെ ശ്രീകാന്ത് ഹാജരായി.

Related Articles

Back to top button