ഭക്ഷണ സാധനങ്ങൾ മോഷണം പോകുന്നത് പതിവായി…വനമേഖല പ്രദേശത്തെ മാവോയിസ്റ്റുകളെന്ന് നാട്ടുകാര്‍….

വീടുകളില്‍നിന്ന് ഭക്ഷ്യസാധനങ്ങളും സ്വർണ്ണവും മോഷണം പോകുന്നുവെന്ന് പ്രദേശവാസികൾ. വനമേഖലയോട് ചേര്‍ന്ന പ്രദേശങ്ങളിലെ വീടുകളിൽ നിന്നാണ് തുടർച്ചയായി മോഷണം നടക്കുന്നത്. സംഭവത്തിന് പിന്നില്‍ മാവോയിസ്റ്റ് സാന്നിധ്യമാണെന്ന അഭ്യൂഹം നിലനില്‍ക്കെയാണ് മോഷണം വ്യാപകമാകുന്നത്. ആങ്ങമൂഴി കൊച്ചാണ്ടി തടത്തില്‍ സോമന്റെ വീട്ടിലാണ് ഒടുവിൽ മോഷണം നടന്നത്. ഭക്ഷണസാധനങ്ങള്‍ക്ക് പുറമേ ഒരുപവന്റെ വളയും 3000 രൂപയും മോഷണം പോയി. അതേസമയം, മോഷണം വ്യാപകമായിട്ടും ഇത് സംബന്ധിച്ച് യാതൊരു തുമ്പുമുണ്ടാക്കാന്‍ പോലീസിനോ വനം വകുപ്പിനോ കഴിയുന്നില്ല. സത്യത്തിൽ മാവോയിസ്റ്റാണോ അതോ നാട്ടിലെ കള്ളൻമാരാണോ എന്ന് ഒരു പിടീം ഇല്ലാത്ത അവസ്ഥയാണ് പ്രദേശത്ത്.

ആങ്ങമൂഴി, കൊച്ചുകോയിക്കല്‍, ഗുരുനാഥന്‍മണ്ണ്, നീലിപിലാവ്, സീതക്കുഴി തുടങ്ങിയ സ്ഥലങ്ങളിലെ ഒട്ടേറെ വീടുകളില്‍നിന്ന് അടുത്തകാലത്ത് ഭക്ഷ്യസാധനങ്ങളും പാചകംചെയ്തു വച്ചിരുന്ന ഭക്ഷണസാധനങ്ങളും മോഷ്ടിക്കപ്പെട്ടിരുന്നു. ഇതെല്ലാം വനമേഖലയോട് ചേര്‍ന്ന പ്രദേശങ്ങളാണ്.
പ്രദേശത്തെ വീടുകളുടെയും ആളുകളുടെയും സാന്നിധ്യമെല്ലാം മനസ്സിലാക്കിയശേഷം വീടുകളില്‍ കവര്‍ച്ച നടത്തുന്ന രീതിയാണ് ഇതുവരെ കണ്ടിട്ടുള്ളത്. മോഷണങ്ങളെല്ലാം ഏറെക്കുറെ സമാനനിലയിലുള്ളവയായിരുന്നു. ഏറ്റവുമൊടുവില്‍ ആങ്ങമൂഴിയില്‍ നടന്ന മോഷണത്തില്‍ മാത്രമാണ് സ്വര്‍ണവും പണവും നഷ്ടമായത്.

പ്രദേശത്തെ വീടുകളുടെ വാതിലുകളോ ജനാലകളോ വെട്ടിപ്പൊളിച്ചാണ് മിക്കയിടത്തും മോഷ്ടാക്കള്‍ അകത്തുകടന്നത്. കൊച്ചുകോയിക്കലിലെ രണ്ട് വീട്ടില്‍ നടത്തിയ മോഷണത്തിനിടെ വീട്ടില്‍നിന്നും കവര്‍ച്ചചെയ്യപ്പെട്ട പാത്രങ്ങളില്‍ ചിലത് പിന്നീട് സമീപവനത്തില്‍നിന്ന് നാട്ടുകാര്‍ ദിവസങ്ങള്‍ക്കുശേഷം കണ്ടെത്തിയിരുന്നു. അതിനിടെ വനത്തിനുള്ളില്‍ ചിലയിടങ്ങളില്‍ സ്ത്രീ ഉള്‍പ്പെടെയുള്ള സംഘത്തെ കണ്ടിരുന്നതായി നാട്ടുകാരില്‍ ചിലര്‍ വ്യക്തമാക്കിയിരുന്നു. ഭക്ഷണസാധനങ്ങള്‍ മാത്രം മോഷണം പോകുന്നതുകൊണ്ടാണ് സംഭവത്തിന് പിന്നില്‍ മാവോയിസ്റ്റ് സാന്നിധ്യമാണെന്ന് നാട്ടുകാര്‍ പറയുന്നത്.

Related Articles

Back to top button