കാസർകോട് കെ എം ഷാജി മത്സരിക്കുമെന്ന സൂചനയ്ക്ക് പിന്നാലെ പരോക്ഷ വിമർശനവുമായി എസ്‌കെഎസ്എസ്എഫ്

നിയമസഭാ തിരഞ്ഞെടുപ്പിൽ കാസർകോട് മണ്ഡലത്തിൽ മുസ്‌ലിം ലീഗ് സ്ഥാനാർത്ഥിയായി മുൻ എംഎൽഎ കെ എം ഷാജിയെ പരിഗണിക്കുന്നതിനെതിരെ പരോക്ഷ വിമർശനവുമായി സമസ്ത കേരള സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷൻ (എസ്‌കെഎസ്എസ്എഫ്). സുന്നി പ്രസ്ഥാനത്തെ ഇകഴ്ത്തുന്ന നിലപാടുള്ളവരെ ഉയർത്തിക്കാട്ടുന്നത് ഭൂഷണമല്ലെന്നാണ് എസ്‌കെഎസ്എസ്എഫ് ജില്ലാ ജനറൽ സെക്രട്ടറി ഇർഷാദ് ഹുദവി ബെദിരയുടെ പ്രതികരണം.

ജനപിന്തുണയുള്ള ജില്ലയിലെ മുസ്‌ലിം ലീഗ് നേതാക്കളെ പരിഗണിക്കണം.വിശാല ജനവിഭാഗങ്ങൾക്ക് സ്വീകരണീയനായ സ്ഥാനാർത്ഥിയാണ് ബിജെപിക്ക് എതിരായി വേണ്ടത്. അല്ലാതെയുള്ളവരെ പരിഗണിച്ചാൽ ഐക്യം ദുർബലപ്പെടുമെന്നും ഇർഷാദ് ബെദിര ഫേസ്ബുക്കിൽ കുറിച്ചു.

കാസർകോട് കെ എം ഷാജിയെ മുസ്‌ലിം ലീഗ് പരിഗണിക്കുന്നു എന്ന വിവരങ്ങൾ പുറത്തുവന്നിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ കാസർകോട് നിയോജക മണ്ഡലത്തിൽ നിന്നും മത്സരിച്ചേക്കുമെന്ന സൂചന കെ എം ഷാജിയും പങ്കുവച്ചിരുന്നു. നിലവിൽ എൻ എ നെല്ലിക്കുന്ന് പ്രതിനിധീകരിക്കുന്ന മണ്ഡലമാണ് കാസർകോട്.

Related Articles

Back to top button