കേരളത്തില്‍ പരക്കെ വേനല്‍ മഴ.. തൃശ്ശൂരില്‍ പെയ്തിറങ്ങി പതമഴ.. അമ്പരന്ന് നാട്ടുകാർ…ആശങ്കപ്പെടേണ്ടെന്ന് വിദഗ്ധര്‍….
തൃശ്ശൂരില്‍ ഫോം റെയിന്‍ എന്ന പതമഴ പെയ്തു. അമ്മാടം കോടന്നൂര്‍ മേഖലകളിലാണ് പതമഴ പെയ്തത്. ഇന്ന് വൈകുന്നേരം തൃശ്ശൂരിലെ വിവിധയിടങ്ങളില്‍ കനത്ത മഴ പെയ്തിരുന്നു. ഇതിനിടയിലാണ് ചിലയിടങ്ങളില്‍ പത മഴ പെയ്തത്.ചെറിയ ചാറ്റൽ മഴക്കൊപ്പം പാറിപ്പറന്ന് പതയും പെയ്യുകയായിരുന്നു. വേനൽ മഴ പെയ്യുന്ന സമയത്ത് ചിലയിടങ്ങളിലുണ്ടാകുന്ന പ്രതിഭാസമാണ് പത മഴ.
സാധാരണഗതിയിൽ രണ്ട് സാഹചര്യങ്ങളിലാണ് ഇത്തരത്തിൽ പത മഴ പെയ്യുക എന്ന് കാലാവസ്ഥ വിദഗ്ധർ പറയുന്നു. തൊട്ടടുത്ത് ഫാക്ടറികളോ മറ്റോ ഉണ്ടെങ്കിൽ മലിനമായ അന്തരീക്ഷത്തിൽ നിന്ന് പത രൂപപ്പെടാനുള്ള സാധ്യതയുണ്ട്. രണ്ടാമതായി, വേനൽക്കാലത്ത് ചില മരങ്ങളിൽ പ്രത്യേകതരം അമ്ല രസമുള്ള പത രൂപപ്പെടുകയും ഇത് പത ജനിപ്പിക്കുമെന്നും കാലാവസ്ഥാ വിദഗ്ധര്‍ വ്യക്തമാക്കുന്നു.നിലവിൽ ഫാക്ടറികളൊന്നും പ്രവർത്തിക്കുന്ന മേഖലകളല്ല ഇവിടം. അതുകൊണ്ട് തന്നെ എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്ന് പരിശോധിക്കുമെന്നും ആശങ്ക വേണ്ടെന്നും അധികൃതർ അറിയിച്ചു. എന്തായാലും കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ കൗതുകമായി മാറിയിരിക്കുകയാണ് പത മഴ.