പ്രളയജലം വീട്ടുപടിക്കല്‍.. ‘ഗംഗാ മാതാവ് വീട്ടിലെത്തി’യെന്ന് പറഞ്ഞ് പൂജ ചെയ്ത് പൊലീസുകാരന്‍

പ്രളയജലം വീട്ടുപടിക്കലെത്തിയപ്പോള്‍ ഗംഗാനദിയിലെ ജലമെന്ന് പറഞ്ഞ് പൂജ ചെയ്ത് പൊലീസുകാരന്‍. ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജിലാണ് സംഭവം. സബ് ഇന്‍സ്‌പെക്ടറായ ചന്ദ്രദീപ് നിഷാദാണ് പ്രളയജലം വീട്ടുപടിക്കലെത്തിയപ്പോള്‍ പൂജ ചെയ്തത്. തുടര്‍ന്ന് വീടുമുഴുവന്‍ വെളളം നിറഞ്ഞപ്പോള്‍ അതില്‍ സ്‌നാനം നടത്തുകയും ചെയ്തു. പ്രയാഗ് രാജില്‍ തുടര്‍ച്ചയായ മഴയെ തുടര്‍ന്ന് ഗംഗ, യമുന നദികള്‍ കരകവിഞ്ഞൊഴുകുകയും നഗരത്തിലെ നിരവധി താഴ്ന്ന പ്രദേശങ്ങള്‍ വെളളത്തിനടിയിലാവുകയും ചെയ്തു. അതിനിടെയാണ് പ്രളയജലത്തില്‍ പൂജ ചെയ്യുന്ന എസ് ഐയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്.

വെളളപ്പൊക്കത്തില്‍ മുങ്ങിയ വീട്ടുപടിക്കല്‍ നിന്ന് ചന്ദ്രദീപ് നിഷാദ് വെളളത്തിലേക്ക് പൂക്കൾ വിതറുന്നതും പാൽ ഒഴിക്കുന്നതും മന്ത്രം ജപിക്കുന്നതുമായ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ‘ഇന്ന് രാവിലെ ഞാന്‍ ജോലിക്ക് പോകാനിറങ്ങി. അപ്പോഴാണ് ഗംഗാ മാതാവ് ഞങ്ങളുടെ വീട്ടുപടിക്കലെത്തിയത്. ഞങ്ങള്‍ പൂജ ചെയ്ത് പ്രാര്‍ത്ഥനകള്‍ നടത്തി അനുഗ്രഹം വാങ്ങി. ജയ് ഗംഗാ മാ’ ചന്ദ്രദീപ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. അലഹബാദ് ഹൈക്കോടതി ജഡ്ജിയുടെ പേഴ്‌സണല്‍ സെക്യൂരിറ്റി ഓഫീസറാണ് നിഷാദ്. 15,000 ഫോളോവേഴ്‌സുളള ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഇയാള്‍ പ്രളയജലത്തില്‍ പൂജ ചെയ്യുന്ന വീഡിയോകള്‍ പങ്കുവെച്ചിട്ടുമുണ്ട്

സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന മറ്റൊരു വീഡിയോയില്‍ സബ് ഇന്‍സ്‌പെക്ടറുടെ വീടിനകം മുഴുവന്‍ വെളള നിറഞ്ഞ നിലയിലാണ്. ഈ വെളളത്തില്‍ നിന്ന് ‘ഗംഗാ മാതാവ് പൂര്‍ണമായും എന്റെ വീടിനുളളിലേക്ക് പ്രവേശിച്ചുകഴിഞ്ഞു. ഞാന്‍ ഗംഗാജലത്തില്‍ സ്‌നാനം നടത്തി.’-എന്നാണ് ഇയാള്‍ പറയുന്നത്. വീഡിയോയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ഉയരുന്നത്. ചിലര്‍ പ്രതികൂല ഘട്ടത്തിലും വിശ്വാസം കൈവിടാത്ത ഉദ്യോഗസ്ഥനെ അഭിനന്ദിക്കുമ്പോള്‍ മറ്റ് ചിലർ കുറച്ചുകൂടി വെളളം ഉയരുമ്പോഴും ഗംഗാ ജലത്തില്‍ തന്നെ തുടരണമെന്നാണ് കമന്റ് ചെയ്യുന്നത്. പാവപ്പെട്ടവരുടെ വീടുകളിലാണ് ഈ വെളളമെത്തിയതെങ്കില്‍ അവരുടെ വീടുകള്‍ പൂര്‍ണമായും തകരുമായിരുന്നെന്നും ചിലര്‍ കമന്റ് ചെയ്യുന്നുണ്ട്.

Related Articles

Back to top button