പ്രളയ മുന്നറിയിപ്പ്…ഈ നദികളിൽ ഇറങ്ങരുത്…

സംസ്ഥാനത്തെ വിവിധ നദികളിൽ ജലനിരപ്പ് അപകടകരമായ നിലയിൽ ഉയരുന്നതിനെത്തുടർന്ന് പ്രളയ സാധ്യത മുന്നറിയിപ്പ് പുറപ്പെടുവിച്ചു. സംസ്ഥാന ജലസേചന വകുപ്പും കേന്ദ്ര ജല കമ്മീഷനും വിവിധ നദികളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയിൽ കരമന നദിയിലും പത്തനംതിട്ട ജില്ലയിൽ അച്ചൻകോവിൽ നദിയിലുമാണ് നിലവിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ നദികളുടെ തീരത്ത് താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണം. യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ മുറിച്ചുകടക്കാനോ പാടില്ലെന്നും, പ്രളയ സാധ്യതയുള്ള ഇടങ്ങളിൽ നിന്ന് അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കാൻ തയ്യാറാകണമെന്നും മുന്നറിയിപ്പുണ്ട്.

പ്രളയ മുന്നറിയിപ്പിനൊപ്പം, സംസ്ഥാനത്ത് ഇന്ന് ഒമ്പത് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് മഴ സാധ്യത. കൂടാതെ, ഈ പ്രദേശങ്ങളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മറ്റു ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് കൂട്ടിച്ചേർത്തു.

Related Articles

Back to top button