ഇൻഡിഗോ വിമാനത്തിനും ആകാശ എയറിനും ബോംബ് ഭീഷണി..അടിയന്തര ലാൻഡിങ്..റിപ്പോർട്ട് തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം…

കഴിഞ്ഞ 48 മണിക്കൂറിനിടെ ഇന്ത്യയിലെ വിവിധ വിമാനങ്ങൾക്ക് ബോംബ് ഭീഷണി. ഏറ്റവും ഒടുവിൽ ആകാശ എയർ, ഇൻഡിഗോ കമ്പനികളുടെ വിമാനങ്ങളാണ് യാത്രക്കിടെ ഭീഷണി നേരിട്ടത്. മുംബൈ-ഡൽഹി ഇൻഡിഗോ വിമാനത്തിനും ബെംഗളൂരുവിലേക്ക് പുറപ്പെട്ട ആകാശ എയറിനുമാണ് ബോംബ് ഭീഷണിയുണ്ടായത്. ഇതേ തുടർന്ന് ഇൻഡിഗോ വിമാനം അഹമ്മദാബാദിലേക്ക് തിരിച്ചുവിട്ടു. ആകാശ എയർ ഡൽഹിയിൽ അടിയന്തര ലാൻഡിങ് നടത്തി.

ഡല്‍ഹി-ഷിക്കാഗോ എയര്‍ ഇന്ത്യ വിമാനം,ജയ്പുര്‍-ബെംഗളൂരു എയര്‍ ഇന്ത്യ എക്‌സ്പ്രസ്,ദര്‍ബംഗ-മുംബൈ സ്‌പൈസ് ജെറ്റ് വിമാനം ,സിലിഗുരി-ബെംഗളൂരു ആകാശ എയര്‍ വിമാനം,ദമാം-ലഖ്‌നൗ ഇന്‍ഡിഗോ വിമാനം,അമൃത്സര്‍-ദെഹ്റാദൂണ്‍ അലയന്‍സ് എയര്‍ എന്നിവയുള്‍പ്പെടെയുള്ള വിമാനങ്ങള്‍ക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. തിങ്കളാഴ്ചയും രണ്ട് ഇന്‍ഡിഗോ വിമാനങ്ങള്‍ക്കും ഒരു എയര്‍ ഇന്ത്യ വിമാനത്തിനും വ്യാജഭീഷണി സന്ദേശം ലഭിച്ചിരുന്നു.

ഇതുവരെ ലഭ്യമായ മുഴുവൻ സന്ദേശങ്ങളും വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ബോംബ് ഭീഷണിയെ തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യോമയാന മന്ത്രാലയത്തിൽനിന്ന് റിപ്പോർട്ട് തേടി.തുടർച്ചയായ ബോംബ് ഭീഷണിയുടെ പശ്ചാത്തലത്തിൽ വ്യോമയാന മന്ത്രി രാം മോഹൻ നായിഡുവും മന്ത്രാലയ ഉദ്യോഗസ്ഥരും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനും യോഗം ചേർന്നു. സംഭവത്തിൽ നിർണായക വിവരം ലഭിച്ചതായും പ്രതികളെന്ന് സംശയിക്കുന്നവരെ തിരിച്ചറിഞ്ഞതായും റിപ്പോർട്ടുണ്ട്.

Related Articles

Back to top button