മോദിയെ സ്വീകരിക്കാൻ പൊതുസ്ഥലത്ത് കൊടികളും, ബാനറുകളും;  കരമന ജയനെതിരെ കേസ്

പ്രധാനമന്ത്രിയുടെ പരിപാടിക്ക് അനധികൃതമായി ഫ്‌ളക്‌സ് ബോര്‍ഡുകളും,  ബാനറുകളും സ്ഥാപിച്ച സംഭവത്തില്‍ ബിജെപി ജില്ലാ പ്രസിഡന്റ് കരമന ജയനെതിരെ കേസ്. കോടതിവിധി ലംഘിച്ചതിനും,  പൊതുവഴി തടസ്സപ്പെടുത്തിയതിനുമാണ് കേസ്. തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസാണ് കേസെടുത്തത്. കോര്‍പറേഷന്‍ സെക്രട്ടറിയുടെ പരാതിയിലാണ് കേസ്. അനധികൃതമായി ഫ്‌ളക്‌സ് വെച്ചതിന് സെക്രട്ടറി നേരത്തെ പിഴ ചുമത്തിയിരുന്നു.

അനുമതിയില്ലാതെ ഫ്‌ളക്‌സ് ബോര്‍ഡുകളും,  കൊടികളും സ്ഥാപിച്ചതിന് ബിജെപി സിറ്റി ജില്ലാ കമ്മറ്റിക്ക് 20 ലക്ഷം രൂപ തിരുവനന്തപുരം നഗരസഭ പിഴയിട്ടിരുന്നു. അനധികൃതമായി സ്ഥാപിച്ച ബോര്‍ഡുകൾ നീക്കണമെന്നാവശ്യപ്പെട്ടിട്ടും പാലിക്കാത്തതിനാലാണ് ബിജെപി തന്നെ ഭരിക്കുന്ന കോര്‍പറേഷന്‍, പാര്‍ട്ടി സിറ്റി ജില്ലാ പ്രസിഡന്റിന് പിഴയടക്കാന്‍ നോട്ടീസ് അയച്ചത്.

 ബുധന്‍, വ്യാഴം ദിവസങ്ങളിലായാണ് ബോര്‍ഡുകളും , ബാനറുകളും പ്രത്യക്ഷപ്പെട്ടത്. നടപ്പാതകള്‍ക്ക് കുറുകെയും,  ഡിവൈഡറുകളിലും വരെ പ്രധാനമന്ത്രിയുടെയും,  ബിജെപി നേതാക്കളുടെയും ചിത്രങ്ങള്‍ അടങ്ങിയ ബോര്‍ഡുകളും ബാനറുകളും സ്ഥാപിച്ചിരുന്നു. ബോര്‍ഡുകള്‍ സ്ഥാപിച്ചതിനെതിരെ വ്യാപക പരാതിയാണ് ഉയർന്നത്. ഇതോടെ ഇവ രണ്ട് മണിക്കൂറിനുള്ളില്‍ നീക്കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച വൈകിട്ട് ബിജെപി സിറ്റി ജില്ലാ പ്രസിഡന്റിന് കോർപറേഷൻ കത്ത് നല്‍കി. എന്നാല്‍ നടപ്പാതയ്ക്ക് കുറുകെ സ്ഥാപിച്ച ബോര്‍ഡുകള്‍ മാത്രമാണ് മാറ്റിയത്. കാര്യമായ ഇടപെടല്‍ പാര്‍ട്ടിയുടെ ഭാഗത്ത് നിന്നുമുണ്ടായില്ല. തുടര്‍ന്ന്, വിമാനത്താവളം മുതല്‍ പുത്തരിക്കണ്ടം വരെയുള്ള റോഡില്‍ സ്ഥാപിച്ച ബോര്‍ഡുകളുടെ കണക്കെടുക്കുകയും,  കോർപറേഷൻ സെക്രട്ടറി പിഴ നോട്ടീസ് നല്‍കുകയുമായിരുന്നു.

Related Articles

Back to top button