തുഷാര്‍ ഗാന്ധിയെ തടഞ്ഞ സംഭവം.. അഞ്ച് പേര്‍ അറസ്റ്റില്‍.. അറസ്റ്റിലായവരിൽ ബിജെപി കൗണ്‍സിലറും…
മഹാത്മാ ഗാന്ധിയുടെ കൊച്ചുമകന്‍ തുഷാര്‍ ഗാന്ധിയെ തിരുവനന്തപുരത്ത് തടഞ്ഞ സംഭവത്തിൽ അഞ്ച് പേര്‍ അറസ്റ്റില്‍. പൊലീസ് സ്വമേധയ എടുത്ത കേസിലാണ് നടപടി. സംഘ്പരിവാർ പ്രവർത്തകരായ മഹേഷ്, കൃഷ്ണകുമാർ, ഹരികുമാർ,സൂരജ്, അനൂബ് എന്നിവരാണ് അറസ്റ്റിലായത്. ബിജെപിയുടെ വാർഡ് കൗൺസിലറാണ് മഹേഷ്.
തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ നടന്ന ഗാന്ധിയന്‍ ഗോപിനാഥന്‍ നായരുടെ പ്രതിമ അനാച്ഛാദന ചടങ്ങിന് എത്തിയ തുഷാര്‍ ഗാന്ധിക്കെതിരെ ബുധനാഴ്ച വൈകീട്ടായിരുന്നു ബിജെപി ആര്‍എസ് എസ് പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചത്.ആര്‍ എസ് എസും സംഘപരിവാറും രാജ്യത്തിന്റെ ആത്മാവില്‍ വിഷം കലര്‍ത്തിയിരിക്കുന്നുവെന്നും നാം ജാഗ്രതയോടെ കഴിയണം എന്നുമുള്ള തുഷാര്‍ ഗാന്ധിയുടെ പരാമര്‍ശമാണ് ബിജെപി പ്രവർത്തകരെ പ്രകോപിപ്പിച്ചത്.