ഹെൽമറ്റ് ധരിച്ചെത്തിയ രണ്ടംഗ സംഘം ജ്വല്ലറിക്കുള്ളിൽ കയറി തോക്ക് ചൂണ്ടി.. ഉടമ ചാടി പുറത്തിറങ്ങിയതോടെ ശ്രമം പരാജയപ്പെട്ടു…
കർണാടകയിലെ ബെലഗാവിയിൽ ജ്വല്ലറിയിൽ കയറി പട്ടാപ്പകൽ തോക്ക് ചൂണ്ടി കവർച്ചാശ്രമം നടത്തിയ അഞ്ചംഗ സംഘം പിടിയിൽ. അത്താണിയിലെ ത്രിമൂർത്തി ജ്വല്ലറിയിൽ കവർച്ചക്ക് എത്തിയ സംഘമാണ് പിടിയിലായത്.
ഹെൽമറ്റ് ധരിച്ചെത്തിയ രണ്ടംഗ സംഘം ജ്വല്ലറിക്കുള്ളിൽ കയറി ഉടമയ്ക്ക് നേരെ തോക്ക് ചൂണ്ടി ആഭരണങ്ങൾ തട്ടിയെടുക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ, ഉടമ കൗണ്ടറിൽ നിന്നും ചാടി പുറത്തിറങ്ങിയതോടെ ഇവരുടെ ശ്രമം പരാജയപ്പെട്ടു. പിന്നാലെ സംഘം ബൈക്കിൽ കയറി രക്ഷപ്പെട്ടു.
ആക്രമണത്തിന്റെയും പ്രതികളുടെയും സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നതോടെ പോലീസ് അന്വേഷണം ശക്തമാക്കി. തുടർന്ന് ജില്ലയ്ക്ക് അകത്തും പുറത്തും നടത്തിയ തിരച്ചിലിനൊടുവിലാണ് സംഘം പിടിയിലായത്. വിജയ് ജാവേദ്, യശ്വന്ത് ഓംകാർ എന്നിവർ ഉൾപ്പെടെ അഞ്ചുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇവരിൽനിന്ന് രണ്ട് നാടൻ തോക്കുകളും വെടിയുണ്ടകളും ഒരു വാഹനവും പിടിച്ചെടുത്തു. മധ്യപ്രദേശിൽനിന്നാണ് പ്രതികൾ തോക്ക് എത്തിച്ചതെന്ന് പോലീസ് കണ്ടെത്തി. പ്രതികൾക്ക് തോക്ക് എങ്ങനെ ലഭിച്ചു എന്നതിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു