കെനിയയിലെ വാഹനാപകടത്തിൽ മരിച്ച അഞ്ച് മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ.. അപകടത്തിൽ ചിതറിയ…..
വാഹനാപകടത്തിൽ മരിച്ച അഞ്ച് മലയാളികളുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി.ഗുരുതരമായി പരുക്കേറ്റ രണ്ട് മലയാളികളെ നെയ്റോബിയിലെ ആശുപത്രിയിലേക്ക് എയർലിഫ്റ്റ് ചെയ്തു.കൂടാതെ പരുക്കേറ്റ ബാക്കിയുള്ള എല്ലാവരേയും ഇന്ന് രാവിലെ തന്നെ നെയ്റോബിയിലേക്ക് റോഡുമാർഗ്ഗം എത്തിക്കും. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും, വേൾഡ് മലയാളി അസോസിയേഷൻ പ്രവർത്തകരും ഇത് സംബന്ധിച്ച നിയമനടപടികൾ തുടരുകയാണ്.
അപകടത്തിൽ ചിതറിയ യാത്രാ രേഖകൾ ഉൾപ്പടെയുള്ളവ വീണ്ടെടുക്കുന്നതും ശ്രമകരമാണ്. സർക്കാർ സംവിധാനങ്ങളുടെ ഏകോപനത്തോടെ കാര്യങ്ങൾ പൂർത്തീകരിക്കാനാണ് ശ്രമം. മലയാളി സംഘടനാ നേതാക്കളും പ്രവർത്തകരും സജീവമായി രംഗത്തുണ്ട്. .ഖത്തറിൽ നിന്ന് കെനിയയിലേക്ക് വിനോദയാത്ര പോയ ഇന്ത്യൻ സംഘത്തിന്റെ ബസ് അപകടത്തിൽപ്പെട്ട് അഞ്ച് മലയാളികളാണ് ഇന്നലെ മരിച്ചത്. മസായി മാര കണ്ടു മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. ഇറക്കത്തിൽ ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകട കാരണം. പാലക്കാട്, തൃശ്ശൂർ, തിരുവനന്തപുരം സ്വദേശികളാണ് മരിച്ചത്. തൃശ്ശൂര്‍ സ്വദേശി ജസ്ന കുട്ടിക്കാട്ടുചാലില്‍ (29), മകള്‍ റൂഫി മെഹറിന്‍ മുഹമ്മദ് (1), തിരുവനന്തപുരം സ്വദേശി ഗീത ഷോജി ഐസക്, പാലക്കാട് മണ്ണൂർ കാഞ്ഞിരംപ്പാറ സ്വദേശിനി റിയ ആൻ (41) മകള്‍ ടൈറ റോഡ്വിഗസ് (7) എന്നിവരാണ് മരിച്ചത്. അപകടത്തിൽ റിയയുടെ ഭർത്താവ് ജോയൽ, മകൻ ട്രാവിസ് എന്നിവർ പരിക്കേറ്റ് ചികിത്സയിലാണ്.14 മലയാളികളാണ് സംഘത്തിലുണ്ടായിരുന്നത്. അപകടത്തില്‍ 27 പേർക്ക് പരിക്കേറ്റു. കനത്ത മഴയിൽ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം ഉണ്ടായതെന്നാണ് വിവരം.
നിലവിൽ പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവർ എല്ലാവരും അപകടനില തരണം ചെയ്തതായാണ് അറിയുവാൻ കഴിയുന്നത്. ഇവരെല്ലാവരും ഇപ്പോൾ ‘ദ് നെയ്റോബി ഹോസ്പിറ്റലിൽ’ ചികിത്സയിലാണ്. ഖത്തറില്‍നിന്ന് ബലിപെരുന്നാള്‍ അവധി ആഘോഷിക്കാനായി കെനിയയിലേക്ക് വിനോദയാത്രപോയ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞാണ് അപകടമുണ്ടായത്.