അഞ്ച് ലക്ഷം വീടുകൾ…. 20,000 കോടി… വികസനത്തുടർച്ചയ്ക്കായി ലൈഫ് മിഷൻ ഉയർത്തിക്കാട്ടി ഇടതുമുന്നണി

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയിൽ നിൽക്കെ, കഴിഞ്ഞ പത്ത് വർഷത്തെ വികസന നേട്ടങ്ങളിൽ ലൈഫ് മിഷൻ പദ്ധതിയെ പ്രധാന ആയുധമാക്കി ഇടതുമുന്നണി. ആറ് ലക്ഷത്തിലധികം കുടുംബങ്ങൾക്ക് ധനസഹായം നൽകിയെന്നും അഞ്ച് ലക്ഷത്തിലധികം വീടുകളുടെ നിർമ്മാണം പൂർത്തിയാക്കിയെന്നുമാണ് സർക്കാർ പുറത്തുവിടുന്ന ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്.
ലൈഫ് മിഷൻ പദ്ധതിക്കായി ആകെ ചെലവായ 20,831 കോടി രൂപയിൽ 18,342 കോടി രൂപയും (88%) കേരള സർക്കാരാണ് വഹിച്ചത്. ബാക്കി തുക മാത്രമാണ് കേന്ദ്ര പദ്ധതിയായ പ്രധാൻ മന്ത്രി ആവാസ് യോജനയിൽ (PMAY) നിന്ന് ലഭിച്ചതെന്ന് സർക്കാർ അവകാശപ്പെടുന്നു. ഒന്നേകാൽ ലക്ഷം പട്ടികജാതി കുടുംബങ്ങൾക്കും 46,000 പട്ടികവർഗ്ഗ കുടുംബങ്ങൾക്കും പദ്ധതിയുടെ പ്രയോജനം ലഭിച്ചു. ദുർഘട മേഖലകളിൽ താമസിക്കുന്ന പട്ടികവർഗ്ഗക്കാർക്ക് ഒരു വീടിന് ആറ് ലക്ഷം രൂപ വരെയും മറ്റുള്ളവർക്ക് നാല് ലക്ഷം രൂപയുമാണ് സംസ്ഥാനം നൽകുന്നത്.
ഭൂരഹിതരായവരെ പുനരധിവസിപ്പിക്കുന്നതിനായി ഭവന സമുച്ചയങ്ങൾ നിർമ്മിക്കുന്നതിനും ലൈഫ് മിഷൻ മുൻഗണന നൽകി. 23 സമുച്ചയങ്ങളുടെ നിർമ്മാണം പുരോഗമിക്കുകയാണെന്നും തദ്ദേശ സ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ 13 സമുച്ചയങ്ങൾ ഇതിനോടകം കൈമാറിയെന്നും എൽഡിഎഫ് വ്യക്തമാക്കുന്നു. എം.എൻ. ഗോവിന്ദൻ നായർ തുടക്കമിട്ട ‘ലക്ഷം വീട്’ പദ്ധതിയുടെയും 2009-ലെ ‘ഇഎംഎസ് സമ്പൂർണ്ണ ഭവനപദ്ധതി’യുടെയും ആധുനിക രൂപമാണ് ലൈഫ് മിഷൻ. വിവിധ വകുപ്പുകൾക്ക് കീഴിൽ ചിതറിക്കിടന്ന ഭവന പദ്ധതികളെ ഏകോപിപ്പിച്ച് 2016 മുതലാണ് ലൈഫ് മിഷൻ ഈ മാറ്റങ്ങൾക്ക് തുടക്കമിട്ടത്. മൂന്നോ നാലോ അംഗങ്ങളുള്ള ഒരു കുടുംബത്തിന് താമസിക്കാന്‍ കഴിയും വിധം സൗകര്യങ്ങളുള്ള വീടുകളാണ് ലൈഫ് പദ്ധതിയില്‍ നിര്‍മിച്ചിട്ടുള്ളവയിലേറെയും.



