ആലപ്പുഴയിലെത്തുന്ന വിനോദസഞ്ചാരികൾക്ക് ലഹരിയിലാറാടാൻ കഞ്ചാവ്: അഞ്ചു പേർ പൊലീസ് പിടിയിൽ

ആലപ്പുഴ: നഗരത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കഞ്ചാവ് വിൽപ്പന നടത്തിയ സംഘം പിടിയിൽ. സിവിൽ സ്റ്റേഷൻ വാർഡിൽ കാദർ പറമ്പിൽ ഫിറോസ് (38), ആറാട്ടുവഴി കനാൽ വാർഡിൽ പുതുവൽ പുരയിടം സ്വദേശി സിദ്ദിഖ് (32), പുന്നപ്ര തെക്ക് പഞ്ചായത്ത് 12ാം വാർഡിലെ ആലുംമൂട് അനീഷ് (35), വട്ടയാൽ വാർഡിലെ അഷ്‌കർ കോട്ടേജിൽ മുഹമ്മദ് അഷ്‌കർ (38), ആലിശ്ശേരി വാർഡിലെ പുത്തൻപുരയിൽ സനീഷ് ബഷീർ റാവുത്തർ (45) എന്നിവരാണ് അറസ്റ്റിലായത്. വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടായിരുന്നു ഇവരുടെ കഞ്ചാവ് കച്ചവടം.

ആലപ്പുഴ സൗത്ത് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അഞ്ചുപേരും കുടുങ്ങിയത്. ഇവരുടെ പക്കൽനിന്നും രണ്ടര കിലോഗ്രാമോളം കഞ്ചാവും പിടിച്ചെടുത്തു. ആലപ്പുഴ ഇരുമ്പുപാലത്തിന് സമീപത്ത് നിന്നാണ് പ്രതികളെ പിടികൂടിയത്. പിടിയിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

ആലപ്പുഴ നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി ബി. പങ്കജാക്ഷന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൗത്ത് സി.ഐ വി.ഡി. റെജിരാജിന്റെ നിർദ്ദേശപ്രകാരം പ്രിൻസിപ്പൽ എസ്.ഐ പി.ആർ. രാജീവും സംഘവും തിരച്ചിൽ നടത്തിയത്. ആലപ്പുഴ ബീച്ചിനും പുന്നമട ഫിനിഷിംഗ് പോയിന്റിനുമടുത്ത് വിനോദസഞ്ചാരികൾക്കായി കഞ്ചാവ് ചെറിയ പാക്കറ്റുകളാക്കി വിൽപ്പന നടത്തുന്നവരായിരുന്നു പ്രതികൾ എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

കഞ്ചാവിനൊപ്പം പായ്ക്ക് ചെയ്യുന്നതിനുള്ള ചെറിയ പ്ലാസ്റ്റിക് കവറുകൾ, ഇലക്ട്രോണിക് വെയിംഗ് മെഷീൻ തുടങ്ങിയവയും പൊലീസ് പിടിച്ചെടുത്തു.എസ്.ഐമാരായ രാജേഷ്, ജയേന്ദ്ര മേനോൻ, എ.എസ്.ഐ രതീഷ് ബാബു, സീനിയർ സി.പി.ഒമാരായ പി. വിനു, സജു സത്യൻ, എസ്. സജീഷ്, ഫിറോസ് എന്നിവരും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിലെ അംഗങ്ങളും ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.

Related Articles

Back to top button