മണിക്കൂറുകൾക്കുള്ളിൽ ചുഴലിക്കാറ്റ് രൂപപ്പെടും…ഇന്നുമുതൽ നവംബർ 29വരെ …
തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലെ അതിതീവ്രന്യൂനമർദ്ദം അടുത്ത 12 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം. ഇന്നുമുതൽ നവംബർ 29വരെ കേരള തീരത്ത് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും മുന്നറിയിപ്പുണ്ട്. തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ചുഴലിക്കാറ്റ് ശ്രീലങ്ക തീരം തൊട്ട് തമിഴ്നാട് തീരത്തേക്ക് നീങ്ങുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പ്. ആ ഭാഗങ്ങളിലേക്ക് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
ഇന്നുമുതൽ 29വരെ തെക്കൻ കേരള തീരത്ത് മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാദ്ധ്യതയുണ്ടെന്നും അറിയിപ്പുണ്ട്.
പ്രത്യേക ജാഗ്രതാ നിർദേശം
27/11/2024 മുതൽ 30/11/2024 വരെ വടക്ക് – തെക്ക് തമിഴ് നാട് തീരം, ഗൾഫ് ഓഫ് മാന്നാർ, കന്യാകുമാരി പ്രദേശം, ആന്ധ്രാപ്രദേശ് തീരം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, മദ്ധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാദ്ധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ മേൽപ്പറഞ്ഞ തീയതികളിൽ കടലിൽ പോകരുത്.
01/12/2024: വടക്കൻ തമിഴ് നാട് തീരം, തെക്കൻ തമിഴ് നാട് തീരം, ഗൾഫ് ഓഫ് മാന്നാർ, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാദ്ധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ മേൽപ്പറഞ്ഞ തീയതികളിൽ കടലിൽ പോകരുത്.
കടലിൽ പോയ മത്സ്യത്തൊഴിലാളികൾ എത്രയും വേഗം തന്നെ ആഴക്കടലിൽ നിന്ന് തീരത്തേക്ക് മടങ്ങണം.