രാത്രി അമിത വെളിച്ചം ഉപയോഗിച്ച് മത്സ്യബന്ധനം.. 2 ലക്ഷം രൂപയുടെ മത്സ്യം ലേലം നടത്തി.. തുക മുഴുവൻ…
ആഴക്കടലിൽ കൃത്രിമ വെളിച്ചം സൃഷ്ടിച്ച് മത്സ്യബന്ധനം നടത്തിയ വള്ളങ്ങൾ ഫിഷറീസ് വകുപ്പ് പിടിച്ചെടുത്തു. മത്സ്യബന്ധനത്തിനത്തിനുള്ള ഉപകരണങ്ങൾ സൂക്ഷിച്ച പുല്ലുവിള സ്വദേശികളായ ബെഞ്ചമിൻ, ബൈജു എന്നിവരുടെ വള്ളമാണ് പിടിച്ചെടുത്തത്. വള്ളത്തിലുണ്ടായിരുന്ന രണ്ട് ലക്ഷത്തിൽ പരം രൂപ വിലവരുന്ന മത്സ്യം ലേലം ചെയ്ത് സർക്കാരിലേക്ക് അടപ്പിച്ചു. വിഴിഞ്ഞം ഹാർബറിനടുത്ത് നടത്തിയ പരിശോധനയിലാണ് വള്ളം പിടികൂടിയത്.
രാത്രി അമിത വെളിച്ചം ഉപയോഗിച്ച് മത്സ്യക്കൂട്ടങ്ങളെ ആകർഷിച്ച് ചെറുമത്സ്യങ്ങൾ ഉൾപ്പെടെയാണ് ഇവർ പിടിച്ചെടുക്കുന്നത്. കൃത്രിമമായി നടത്തുന്ന ഇത്തരം മീൻപിടുത്തം അനുവദിക്കില്ലെന്നും പിടികൂടിയ വള്ളത്തിന്‍റെ ഉടമയ്ക്കെതിരെ കേരള മത്സ്യബന്ധന നിയന്ത്രണ നിയമ പ്രകാരം നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. കടലിൽ മത്സ്യസമ്പത്ത് കുറയാൻ കാരണമാകുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന ബോട്ടുകൾക്കെതിരെ നടപടി കർശനമാക്കുമെന്നും ഫിഷറീസ് അധികൃതർ ചൂണ്ടിക്കാട്ടി.