കോട്ടയത്ത് കായലിലും പുഴകളിലും തോടുകളിലും അടക്കം പരിശോധന.. 6 പേർ പിടിയിൽ..
അനധികൃത മീൻപിടുത്തത്തിനെതിരെ കോട്ടയം ജില്ലയിൽ ഫിഷറീസ് വകുപ്പ് പരിശോധനയും നടപടിയും കർശനമാക്കി. വേമ്പനാട് കായൽ, പുഴകൾ, തോടുകൾ, പാടശേഖരങ്ങൾ എന്നിവിടങ്ങളിൽ നിരോധിത മാർഗങ്ങളുപയോഗിച്ചുള്ള മീൻപിടിത്തം വ്യാപകമായതോടെയാണ് പരിശോധന. മത്സ്യബന്ധനത്തിനുപയോഗിച്ച വള്ളങ്ങൾ പിടിച്ചെടുക്കുകയും ആറ് പേരെ പിടികൂടുകയും ചെയ്തു. പിടിച്ചെടുത്ത മീൻ ലേലം ചെയ്ത് വിറ്റ് പണം സർക്കാരിലേക്ക് മുതൽകൂട്ടി.
വേമ്പനാട്ട് കായലിൽ കാട്ടിക്കുന്ന്, വൈക്കം, വെച്ചൂർ, ടി.വി.പുരം, തണ്ണീർമുക്കം ഭാഗങ്ങളിലാണ് ഒരു മാസത്തിനിടെ പരിശോധന നടത്തിയത്. രാത്രികാല പട്രോളിംഗിൽ അരളിവല എന്ന അനധികൃത മത്സ്യബന്ധനം നടത്തിയ വള്ളങ്ങൾക്കെതിരെയാണ് നടപടിയെടുത്തത്. തണ്ണീർമുക്കം മേഖലയിൽ ആറ് പേരെ പിടികൂടി. വൈക്കം മേഖലയിൽ അരളിവല ഉപയോഗിച്ചവരുടെ വലയും വള്ളവും പിടിച്ചെടുത്തു. തിരുവാർപ്പ് നടുവിലെപ്പാടം പാടശേഖരത്തിൽ മോട്ടോർതറയിൽ നിയമവിരുദ്ധമായി സ്ഥാപിച്ച മടവല പിടിച്ചെടുത്തു. ഇവിടങ്ങളിൽനിന്ന് പിടിച്ചെടുത്ത മീൻ ലേലം ചെയ്ത് സർക്കാരിലേക്ക് മുതൽക്കൂട്ടി.
അരളിവല ഉപയോഗിച്ചുള്ള മീൻപിടിത്തം കായലിലെ കരിമീൻ സമ്പത്ത് കുഞ്ഞുങ്ങളടക്കം നശിക്കാൻ കാരണമാകുമെന്ന് ഫിഷറീസ് വകുപ്പ് അധികൃതർ പറഞ്ഞു. കേരളാ ഇൻലാൻഡ് ഫിഷറീസ് ആൻഡ് അക്വാ കൾച്ചർ ആക്ട്(കിഫാ) പ്രകാരം പാടശേഖരങ്ങളിൽ ഊത്തപിടിത്തവും അനധികൃത മത്സ്യബന്ധനവും കർശനമായി വിലക്കി. അനധികൃതമായി മടവല സ്ഥാപിക്കുന്നത് സ്വാഭാവിക പ്രജനനത്തെ തടസ്സപ്പെടുത്തും. മത്സ്യസമ്പത്ത് വൻതോതിൽ കുറയുന്നതിന് കാരണമാവും. മീനുകളുടെയും മറ്റു ജലജീവികളുടെയും ആവാസവ്യവസ്ഥയെ ഇത് ബാധിക്കും. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗ്ഗവും ഇല്ലാതാകുമെന്ന് ഫിഷറീസ് വകുപ്പ് ചൂണ്ടിക്കാട്ടുന്നു.



