4 വർഷങ്ങൾക്ക് മുൻപ് മൂന്നു മക്കളുമായി പിതാവ് ഒളിവിൽ പോയി; ഒടുവിൽ ഒളിയിടം കണ്ടെത്തി പോലീസ്.. പക്ഷേ…

നാല് വർഷങ്ങൾക്ക് മുമ്പ് മൂന്ന് മക്കളുമായി ഒളിവിൽ പോയ പിതാവ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടു. ന്യൂസിലൻഡിലാണ് ടോം ഫിലിപ്സ് എന്ന പിതാവ് ത​ന്റെ മൂന്നുമക്കളുമായി ഒളിവിൽ കഴിഞ്ഞ ഇടം പോലീസ് കണ്ടെത്തിയത്. ഇതിന്റെ ചിത്രങ്ങൾ പോലീസ് പുറത്തുവിട്ടിട്ടുണ്ട്. പോലീസുമായുള്ള വെടിവയ്പിലാണ് ടോം ഫിലിപ്സ് കൊല്ലപ്പെട്ടത്. ഫിലിപ്സ് മരിക്കുമ്പോൾ ഒപ്പമുണ്ടായിരുന്ന മൂന്നാമത്തെ കുട്ടിയുടെ സഹായത്തോടെ മണിക്കൂറുകൾക്ക് ശേഷം പൊലീസ് മറ്റ് രണ്ട് കുട്ടികളെയും കണ്ടെത്തി. തിങ്കളാഴ്ച വൈകാറ്റോ മേഖലയിൽ നിന്നാണ് ടോം ഫിലിപ്സിന്റെ രണ്ട് കുട്ടികളെ കണ്ടെത്തിയത്. രണ്ടുപേരും ആരോഗ്യവാൻമാരാണെന്നും പൊലീസ് അറിയിച്ചു. എന്നാൽ അവർ സാധാരണ നിലയിലേക്ക് വരാൻ അൽപം സമയമെടുക്കും.

2021 ലെ ക്രിസ്മസിന് തൊട്ടുമുമ്പാണ് ഫിലിപ്സിനെയും മക്കളായ ജയ്ഡ, മാവെറിക്, എംബർ എന്നിവരെയും കാണാതായത്. കാണാതാകുമ്പോൾ യഥാക്രമം എട്ട്, ഏഴ്, അഞ്ച് വയസ് പ്രായമായിരുന്നു കുട്ടികൾക്ക്. കുട്ടികളുടെ നിയമപരമായ സംരക്ഷണം നഷ്ടമായതിനു ശേഷമാണ് ഫിലിപ്പ് തട്ടിക്കൊണ്ടുപോകലിന് മുതിർന്നതെന്നാണ് പൊലീസ് വിശ്വസിക്കുന്നത്.

എന്നാൽ കുട്ടികളുടെ സുരക്ഷയെ കുറിച്ച് ടോം ആലോചിച്ചിരുന്നില്ല. ഇപ്പോൾ അവർ അധികൃതരുടെ സംരക്ഷണത്തിലാണ്.

ഇടതൂർന്ന സസ്യങ്ങളാൽ ചുറ്റപ്പെട്ട ക്യാമ്പിൽ നിന്ന് തോക്കുകളുടെയും വെടിക്കോപ്പുകളുടെയും വൻ ശേഖരവും കണ്ടെത്തിയിട്ടുണ്ട്. പൊലീസ് പുറത്തുവിട്ട ചിത്രങ്ങളിൽ മരങ്ങൾക്കിടയിൽ പാർക്ക് ചെയ്ത നിലയിൽ രണ്ട് ക്വാഡ് ബൈക്കുകളും കാണാം.

12 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് അധികൃതർ രണ്ട് കുട്ടികളെ കണ്ടെത്തിയത്. തിങ്കളാഴ്ച പുലർച്ചെ ഒരു മോഷണക്കേസുമായി ബന്ധപ്പെട്ടാണ് പൊലീസ് പിയോപിയോ എന്ന സ്ഥലത്ത് എത്തിയത്. അവിടെ വെച്ച് ടോമുമായി ഏറ്റുമുട്ടലുണ്ടായി. അങ്ങനെയാണ് വെടിവെപ്പിൽ ടോം കൊല്ലപ്പെട്ടത്. പൊലീസ് ഉദ്യോഗസ്ഥനും സാരമായ പരിക്കേറ്റു.

ഏതാണ്ട് നാലുവർഷം മുമ്പ് ടോമിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. പല നാടുകളിലും തിരച്ചിൽ നടത്തിയെങ്കിലും ടോമിനെ കണ്ടെത്താനായില്ല. തിങ്കളാഴ്ച നടന്ന മോഷണശ്രമങ്ങൾക്ക് നിഗൂഢതയുണ്ടെങ്കിലും അതിന് ഉത്തരം തേടാനുള്ള ശ്രമത്തിലാണ് പൊലീസ്.

ടോമിന് എങ്ങനെയാണ് അത്യാധുനിക ആയുധങ്ങൾ ലഭിച്ചത് എന്നതും അന്വേഷിക്കുന്നുണ്ട്. ക്യാറ്റ് എന്നാണ് ടോമിന്റെ ഭാര്യയെ വിളിച്ചിരുന്നത് എന്നാണ് പത്ര റിപ്പോർട്ടുകളിലുണ്ടായിരുന്നത്. ഇവരെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഏറെ കാലമായി നഷ്ടപ്പെട്ടുവെന്ന് കരുതിയ കുട്ടികളെ തിരിച്ചുകിട്ടിയതിൽ അതിയായ സന്തോഷമുണ്ടെന്നാണ് അമ്മ പ്രതികരിച്ചത്. കുട്ടികൾക്ക് ആവശ്യമുള്ളത്ര കാലം സംരക്ഷണം നൽകുമെന്നാണ് സർക്കാർ അധികൃതർ അറിയിച്ചിരിക്കുന്നത്.

Related Articles

Back to top button