ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്താനുള്ള ലൈസൻസ് നേടിയ രാജ്യത്തെ ആദ്യ ജനറൽ ആശുപത്രി കേരളത്തിൽ…ലെസൻസ് കൈമാറി ആരോ​ഗ്യമന്ത്രി വീണാ ജോർജ്…

എറണാകുളം ജനറല്‍ ആശുപത്രി ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സജ്ജമാകുന്നു. രാജ്യത്ത് ആദ്യമായാണ് ഒരു ജില്ലാതല ആശുപത്രി ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ഒരുങ്ങുന്നത്. ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താനുള്ള ലൈസന്‍സ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്‍റെ സാന്നിധ്യത്തില്‍ കെ സോട്ടോ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. നോബിള്‍ ഗ്രേഷ്യസ് എറണാകുളം ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. ഷഹിര്‍ഷായ്ക്ക് കൈമാറി.

എത്രയും വേഗം ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. രാജ്യത്തിന് തന്നെ അഭിമാനകരമാണ് എറണാകുളം ജനറല്‍ ആശുപത്രി. രാജ്യത്ത് ആദ്യമായി ജില്ലാതല ആശുപത്രിയില്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത് ജനറല്‍ ആശുപത്രിയിലാണ്. ഹൃദയ ശസ്ത്രക്രിയാ വിദഗ്ധരുടെ സേവനം ലഭ്യമാക്കി രാജ്യത്ത് ആദ്യമായി ഒരു ജില്ലാതല ആശുപത്രിയില്‍ നെഞ്ച് തുറക്കാതെ വാല്‍വ് മാറ്റ ശസ്ത്രക്രിയ നടത്തി. ഇന്ത്യയില്‍ ആദ്യമായി ഹൃദയ ശസ്ത്രക്രിയ നടത്തിയ ജില്ലാതല ആശുപത്രി കൂടിയാണ്. കാര്‍ഡിയോളജി ഉള്‍പ്പെടെ 7 സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങള്‍, 2 കാത്ത് ലാബുള്ള ആശുപത്രി, എന്‍.എ.ബി.എച്ച്. അംഗീകാരം എന്നിവ ഈ ആശുപത്രിയുടെ പ്രത്യേകതകളാണ്. ഇത് കൂടാതെയാണ് ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ യാഥാര്‍ത്ഥ്യമാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Related Articles

Back to top button