മാവേലിക്കരയിൽ… കേരളത്തിലെ ആദ്യത്തെ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ട്… ഇനി എല്ലാം ഒരു കുടക്കീഴിൽ…

മാവേലിക്കര- മോട്ടോർ വാഹന വകുപ്പിന്റെ കീഴില്‍ കേരളത്തിൽ ആദ്യമായി ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നതിന് സ്ഥിരം സംവിധാനമൊരുങ്ങി. എം.എസ് അരുൺകുമാർ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് 12 ലക്ഷം രൂപ ചെലവഴിച്ച് കെ.എസ്.ആര്‍.ടി.സി മാവേലിക്കര റീജിയണല്‍ വര്‍ക്ക്‌ഷോപ്പ് വളപ്പിലാണ് ടെസ്റ്റ് ഗ്രൗണ്ട് നിർമാണം പൂർത്തിയായത്.
30ന് വൈകിട്ട് 4ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാർ ഗ്രൗണ്ട് ഉദ്ഘാടനം ചെയ്യും. എം.എൽ.എ അധ്യക്ഷനാകും. പൊതുമരാമത്ത് കെട്ടിട വിഭാഗത്തിനായിരുന്നു നിർമാണ ചുമതല. എം.എല്‍.എ, ഗതാഗത മന്ത്ര കെ.ബി ഗണേഷ്‌കുമാറുമായി നടത്തിയ ചര്‍ച്ചയുടെയും നിരന്തരമുള്ള ഇടപെടലിന്റെയും ഫലമായാണ് പദ്ധതി നടപ്പായത്.


റീജിയണല്‍ വര്‍ക്ക് ഷോപ്പ് വളപ്പിലെ 55 സെന്റ് ഭൂമിയിലാണ് ടെസ്റ്റ് ഗ്രൗണ്ട് ഒരുങ്ങിയിരിക്കുന്നത്. സംസ്ഥാനത്തെ ആറ് കേന്ദ്രങ്ങളില്‍ ഒന്നാണിത്. 23 മീറ്റര്‍ വീതം നീളത്തിലും വീതിയിലുമാണ് നിര്‍മാണം. ഇതിന് ചുറ്റും അരമീറ്റര്‍ വീതിയില്‍ സ്ഥലം ക്രമീകരിച്ചു. ശുചിമുറിയും ഉദ്യോഗസ്ഥര്‍ക്കുള്ള സൗകര്യങ്ങളും മറ്റ് ആധുനിക സംവിധാനങ്ങളും ഒരുക്കി. നിലവില്‍ ചൊവ്വ, വെള്ളി ദിവസങ്ങളില്‍ മാവേലിക്കരയിലും തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ ചാരുംമൂട്ടിലുമാണ് ടെസ്റ്റ് നടത്തി വരുന്നത്. ഗ്രൗണ്ട് തയ്യാറാകുന്നതോടെ ഇവിടെയും കരിമുളക്കലിലുമായി ടെസ്റ്റ് നടക്കും. ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിനൊപ്പം മോട്ടോർ വാഹന വകുപ്പിന്റെ കീഴിലുള്ള കേരളത്തിലെ ആദ്യത്തെ ഡ്രൈവിങ് സ്കൂളും മാവേലിക്കര ജോ.ആർ.ടി ഓഫീസിന്റെ റോഡ് സേഫ്റ്റി കേഡറ്റ്, രക്ഷാകർത്താവ് ഇനി സുരക്ഷാകർത്താവ്, ഡ്രൈവ് എവേ ഫ്രം ഡ്രഗ്സ് എന്നീ പദ്ധതികളും മന്ത്രി ഉദ്ഘാടനം ചെയ്യും.

കേരളത്തില്‍ ആദ്യമായാണ് ടൂവീലര്‍, ഫോര്‍വീലര്‍, ഹെവി ലൈസന്‍സ് ടെസ്റ്റുകളും ഇവക്കെല്ലാമുള്ള ഡ്രൈവിങ് സ്‌കൂളുകളും ഒരു ഗ്രൗണ്ടിലേക്കെത്തുന്നത്. റീജിയണല്‍ വര്‍ക്ക് ഷോപ്പിലെ സൗകര്യങ്ങള്‍ വിപുലപ്പെടുത്തി, സൂപ്പര്‍ ഫാസ്റ്റ് ബസുകളുടെയടക്കം ബോഡി നിര്‍മാണവും അറ്റകുറ്റപ്പണികളും കൂടി എത്തുന്നതോടെ മാവേലിക്കര റീജിയണല്‍ വര്‍ക്ക്‌ഷോപ്പ് സംസ്ഥാനത്തെ പ്രധാന കേന്ദ്രമായി മാറും.

Related Articles

Back to top button