വോട്ട് ചോരി.. ആദ്യ അറസ്റ്റ്.. വോട്ടുകൾ കൂട്ടത്തോടെ വെട്ടിമാറ്റി…

വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്യാൻ കൂട്ടത്തോടെ വ്യാജ അപേക്ഷകൾ നൽകിയതുമായി ബന്ധപ്പെട്ട കേസിൽ ആദ്യ അറസ്റ്റ്. പശ്ചിമ ബംഗാൾ സ്വദേശിയായ ബാപ്പി ആദിയ (27) എന്നയാളെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
ആലന്ദ് മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ ഒഴിവാക്കാനായി നടന്ന വലിയ തട്ടിപ്പുമായി ബന്ധപ്പെട്ട് ആദ്യമായി നടക്കുന്ന അറസ്റ്റാണിത്.കേസിലെ പണമിടപാട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്. വ്യാജ അപേക്ഷകൾ നൽകാൻ പ്രതിഫലം കൈപ്പറ്റിയോ എന്നും ഈ തട്ടിപ്പിന് പിന്നിൽ പ്രവർത്തിച്ച പ്രധാന വ്യക്തികൾ ആരൊക്കെയാണെന്നും കണ്ടെത്താനാണ് അന്വേഷണം നടക്കുന്നത്. വ്യാജ വോട്ട് നീക്കം ചെയ്യാനുള്ള ഓരോ അപേക്ഷയ്ക്കും 80 രൂപ വരെ പ്രതിഫലം നൽകിയിരുന്നുവെന്ന് എസ്ഐടി നേരത്തെ കണ്ടെത്തിയിരുന്നു.
ബാപി ആദിയയാണ് ഒടിപി കലബുറഗിയിലെ ഡേറ്റ സെന്ററിന് കൈമാറിയത്. ഡേറ്റ സെന്ററിൽ നിന്ന് ബാപ്പിയുടെ അക്കൗണ്ടിലേക്ക് പണം എത്തിയെന്നത് കണ്ടെത്തിയതോടെയാണ് അറസ്റ്റ്. കബുറഗിയിലെ ഡേറ്റ സെന്ററിൽ വച്ചാണ് വോട്ടുകൾ കൂട്ടത്തോടെ വെട്ടി മാറ്റിയത്. അറസ്റ്റിലായ ബാപ്പിയെ ബംഗളൂരുവിൽ എത്തിച്ച് കോടതിയിൽ ഹാജരാക്കി. കോടതി ഇയാളെ 12 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പശ്ചിമ ബംഗാളിൽ മൊബൈൽ റിപ്പയർ കട നടത്തുന്നയാളാണ് ബാപ്പി ആദിയ.



