വീട്ടുകാരുമായുണ്ടായ തർക്കത്തിനിടെ മൊബൈൽ ഫോൺ കിണറ്റിലേക്ക് വീണു, കൂളായി 30 അടി താഴ്ചയുള്ള കിണറ്റിലേക്കിറങ്ങി… പക്ഷെ…
30 അടിയോളം താഴ്ചയുള്ള കിണറ്റിൽ കുടുങ്ങിയ യുവാവിനെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ കരയ്‌ക്കെത്തിച്ചു. കിണറ്റിൽ വീണ മൊബൈൽ ഫോൺ എടുക്കാനിറങ്ങിയ യുവാവാണ് കിണറ്റിനുള്ളിൽ കുടുങ്ങിയത്. വിവരമറിഞ്ഞ് ആറ്റിങ്ങലിൽ നിന്ന് എത്തിയ ഫയർഫോഴ്‌സ് സംഘമാണ് യുവാവിനെ രക്ഷപെടുത്തിയത്. വക്കം പാട്ടിക്കവിള സ്വദേശി അഖിലാണ് (34) കിണറ്റിൽ അകപെട്ടത്.
കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. വീട്ടുകാരുമായുള്ള തർക്കത്തെത്തുടർന്ന് ആണ് അഖിലിന്റെ ഫോൺ കിണറ്റിലേക്ക് വീണത്. ഇതെടുക്കുന്നതിനിയായി യുവാവ് കിണറ്റിലേക്ക് ഇറങ്ങി. വളരെ വേഗം കിണറ്റിലേക്ക് ഇറങ്ങിയെങ്കിലും തിരിച്ച് കയറാനായില്ല. ഇതോടെ അയൽവാസി ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു പിന്നാലെ ആറ്റിങ്ങൽ യൂണിറ്റിൽ നിന്നും ഫയർഫോഴ്സ് സംഘം സംഭവസ്ഥലത്തെത്തുകയും നെറ്റ് ഉപയോഗിച്ച് യുവാവിനെ കരയ്‌ക്കെത്തിക്കുകയും ചെയ്തു. കിണറ്റിൽ വീണിട്ടും യുവാവിന് കാര്യമായ പരിക്കുകളോ ബോധക്ഷയമോ ഉണ്ടാകാതിരുന്നതിനാൽ ഫയർഫോഴ്സ് ഇട്ടുകൊടുത്ത നെറ്റിൽ കയറി കരയിലേക്കെത്തുകയായിരുന്നെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഫോൺ എടുക്കാൻ കിണറ്റിലേക്ക് ഇറങ്ങിയിട്ട് ഫോൺ മാത്രം കിട്ടിയില്ലെന്ന നിരാശയാണ് രക്ഷപെട്ട അഖിലിനുള്ളത്. ആറ്റിങ്ങൽ യൂണിറ്റിലെ സ്റ്റേഷൻ ഓഫീസർ അഖിലിൻറെ നേതൃത്വത്തിലലുള്ള സംഘമാണ് രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായത്.



