സിങ്കപ്പൂരിലേക്ക് പറന്ന എയർ ഇന്ത്യയുടെ ഡ്രീംലൈനർ വിമാനത്തിൽ യാത്രക്കിടെ തീ മുന്നറിയിപ്പ്

സിങ്കപ്പൂരിലേക്ക് 190 യാത്രക്കാരുമായി പറന്നുയർന്ന എയർ ഇന്ത്യയുടെ ഡ്രീംലൈനർ വിമാനം ദില്ലിയിൽ തിരിച്ചിറക്കി. ഓക്‌സിലറി പവർ യൂണിറ്റിൽ അഗ്നിബാധ മുന്നറിയിപ്പ് വന്നതിനെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയതെന്നാണ് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. പിന്നീട് മറ്റൊരു വിമാനത്തിൽ യാത്രക്കാരെ സിങ്കപ്പൂരിലേക്ക് കൊണ്ടുപോയി.
ദില്ലിയിൽ നിന്ന് സിങ്കപ്പൂരിലേക്കുള്ള എഐ 2380 വിമാനം സാങ്കേതിക തകരാർ കണ്ടതിനെ തുടർന്ന് തിരിച്ചിറക്കിയെന്നാണ് എയർ ഇന്ത്യയുടെ വിശദീകരണം. ദില്ലിയിൽ സുരക്ഷിതമായി വിമാനം തിരിച്ചിറക്കിയെന്നും പിന്നീട് മറ്റൊരു വിമാനം തയ്യാറാക്കി യാത്രക്കാരെയെല്ലാം ഇതിലേക്ക് മാറ്റിയെന്നുമാണ് എയർ ഇന്ത്യ വക്താക്കൾ അറിയിച്ചത്. ദില്ലിയിൽ നിന്ന് പറന്നുയർന്ന ഈ വിമാനം ആകാശത്ത് ഒരു മണിക്കൂറോളം ചിലവഴിച്ചുവെന്നാണ് ഫ്ലൈറ്റ്റഡാർ24 എന്ന വെബ്‌സൈറ്റ് വ്യക്തമാക്കുന്നത്.
അതിനിടെ ഇന്ന് രാവിലെ ദില്ലിയിൽ, എയർ ഇന്ത്യ വിമാനത്തിന്റെ എഞ്ചിനുകളിൽ ഒന്നിൽ ബാഗേജ് കണ്ടെയ്‌നർ കുടുങ്ങി തകരാർ സംഭവിച്ചു. കനത്ത മൂടൽമഞ്ഞാണ് എയർബസ് എ350 വിമാനം അപകടത്തിൽപ്പെടാൻ കാരണം. ദില്ലിയിൽ നിന്ന് ന്യൂയോർക്കിലേക്ക് പോകേണ്ട എഐ101 വിമാനം ഇറാനിയൻ വ്യോമാതിർത്തി അടച്ചതിനെത്തുടർന്ന് ദില്ലിയിലേക്ക് മടങ്ങിയതായിരുന്നു. ലാൻഡ് ചെയ്തപ്പോഴാണ് ബാഗേജ് കണ്ടെയ്‌നറിൽ തട്ടി എഞ്ചിന് തകരാറുണ്ടായത്.




