പുറത്ത് നാടിനെ നടുക്കി തീ പടരുന്നു.. പർദ്ദ ധരിച്ച സ്ത്രീ പോയത് സൂപ്പർ മാർക്കറ്റിലേക്ക്.. 10,000 രൂപയുടെ സാധനങ്ങൾ കവർന്നതിന് അറസ്റ്റിൽ..
തളിപ്പറമ്പിൽ തീപിടിത്തത്തിനിടയിൽ മോഷണം നടത്തിയ സ്ത്രീ പിടിയിലായി. പർദ്ദ ധരിച്ച ഒരു സ്ത്രീ മോഷണം നടത്തുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. തീപിടിത്തം നടന്ന സ്ഥലത്തിന് എതിർവശത്തുള്ള നിബ്രാസ് ഹൈപ്പർമാർക്കറ്റിലാണ് മോഷണം നടന്നത്. ഏകദേശം പതിനായിരം രൂപയുടെ സാധനങ്ങൾ പർദ്ദ ധരിച്ച സ്ത്രീ മോഷ്ടിച്ചതായി കടയുടമയായ നിസാർ പരാതി നൽകിയിരുന്നു.
തീപിടിത്തത്തിൽ എല്ലാവരുടെയും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കവെയാണ് ഈ മോഷണം നടന്നത്. മോഷണം പൂർത്തിയാക്കിയ ശേഷം, സ്ത്രീ തീയണയ്ക്കാൻ ശ്രമിക്കുന്ന ആൾക്കൂട്ടത്തിനിടയിലേക്ക് പോയി കടന്നുകളയുകയായിരുന്നു. സൂപ്പർമാർക്കറ്റിൽ നിന്ന് യുവതി സാധനങ്ങൾ മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ഇതേത്തുടർന്ന് സൂപ്പർമാർക്കറ്റ് അധികൃതർ പൊലീസിൽ പരാതി നൽകി.
തുടർന്നുള്ള അന്വേഷണത്തിലാണ് യുവതി പിടിയിലായത്. തളിപ്പറമ്പിനടുത്തുള്ള ഒരു പഞ്ചായത്തിലെ നിവാസിയാണ് ഈ യുവതി. പൊലീസ് കൂടുതൽ നിയമനടപടികളിലേക്ക് കടക്കാതെ, മോഷ്ടിച്ച സാധനങ്ങളുടെ മൂല്യം യുവതിയിൽ നിന്ന് വസൂലാക്കി വിട്ടയച്ചു. അതിനിടെ, മറ്റൊരു സ്ത്രീയും കടയിൽ മോഷണം നടത്തിയെങ്കിലും അവർ കൈയോടെ പിടിക്കപ്പെട്ടു. തളിപ്പറമ്പ് ബസ് സ്റ്റാൻഡിനു സമീപമുള്ള കെ വി കോംപ്ലക്സിൽ വ്യാഴാഴ്ച വൻ തീപിടിത്തം ഉണ്ടായിരുന്നു. വൈകിട്ട് അഞ്ചു മണിയോടെയാണ് സംഭവം നടന്നത്. 15 ഫയർ യൂണിറ്റുകൾ എത്തി മൂന്ന് മണിക്കൂറിലധികം സമയമെടുത്താണ് തീ കെടുത്തിയത്.