സ്പായിൽ അഗ്നിബാധ..മേക്കപ്പ് സാധനങ്ങളിൽ തീ പടർന്നു..രണ്ടുപേർക്ക് ദാരുണാന്ത്യം…

ബഹുനില കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്പായിലുണ്ടായ അഗ്നിബാധയിൽ രണ്ട് ജീവനക്കാർക്ക് ദാരുണാന്ത്യം. സ്പായുടെ മുൻഭാഗത്ത് ആരംഭിച്ച തീ കോസ്മെറ്റിക്സ് ഉൽപന്നങ്ങളിലേക്ക് പടർന്നതോടെ തീ പടരുകയായിരുന്നു. സ്ഥാപനത്തിനകത്തേക്ക് എത്താൻ ഒരു വാതിൽ മാത്രമുണ്ടായിരുന്നതും ജനാലകൾ പൂട്ടിയിട്ട നിലയിലുമായതാണ് രണ്ട് പേരുടെ മരണത്തിനിടയാക്കിയത്.സൂറത്തിലെ ഫോർച്യൂൺ കോപ്ലെക്സിലാണ് അഗ്നിബാധയുണ്ടായത്. ജിമ്മും സ്പായും ഒരേ നിലയിലായിരുന്നു പ്രവർത്തിച്ചിരുന്നത്. എന്നാൽ ജിം അവധിയിൽ ആയിരുന്നതിനാലാണ് വലിയ രീതിയിലുള്ള ആളപായം ഒഴിവായത്

24നും 30 ഇടയിൽ പ്രായമുള്ള സിക്കിം സ്വദേശികളായ രണ്ട് പേരാണ് അപകടത്തിൽ മരിച്ചത്. സ്പായിലെ ശുചിമുറിയിൽ നിന്ന് മുഖത്തടക്കം പൊള്ളലേറ്റ നിലയിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. സിറ്റിലൈറ്റ് റോഡിലെ ബഹുനില കെട്ടിടത്തിലെ മൂന്നാം നിലയിലെ അമൃതിയ സ്പാ ആൻഡ് സലൂണിലാണ് അഗ്നിബാധയുണ്ടായത്. സ്ഥാപനത്തിലെ നിർമ്മാണത്തിലെ അപാകതകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അഗ്നിരക്ഷാ സേനാ ഇതിനോടകം വിശദമാക്കിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് പൊലീസും നിർദ്ദേശം നൽകിയിട്ടുണ്ട്.

Related Articles

Back to top button