കരിപ്പൂർ എയർപോർട്ട് റോഡിൽ വൻ തീപിടിത്തം; നാല് ബസുകൾ കത്തിനശിച്ചു, ആളപായമില്ല

മലപ്പുറത്ത് ബസുകൾ കത്തി നശിച്ചു. കരിപ്പൂർ എയർപോർട്ട് റോഡിൽ കിടന്ന നാല് ബസുകൾക്കാണ് തീ പിടിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് തീപിടിത്തമുണ്ടായത്. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കരിപ്പൂർ വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാൻഡ്‌ലിങ് ടീം ആയ ഭദ്രയുടെ ബസുകൾ ആണ് കത്തിയത്. ബസുകൾ പൂർണമായും കത്തി നശിച്ചിട്ടുണ്ട്.

വിമാനത്താവളത്തിന് സമീപത്തെ ഒഴിഞ്ഞ പ്രദേശത്ത് നിർത്തിയിട്ടിരുന്ന ബസുകൾക്കാണ് തീപിടിച്ചത്. നിലവിൽ സർവീസ് നടത്താത്ത ബസുകളാണിവയെന്നാണ് വിവരം. അടുത്തടുത്തായി നിർത്തിയിട്ടിരിക്കുകയായിരുന്നു ബസുകൾ. വിമാനത്താവള സ്റ്റാഫുകൾക്കായി സർവീസ് നടത്തിയിരുന്ന ബസുകളാണിവ.

സംഭവ നടന്നയുടനെ കരിപ്പൂർ വിമാനത്താവളത്തിലെ ഫയർ എഞ്ചിനും കോഴിക്കോട്ട് നിന്നുള്ള അഗ്നിശമനാ യൂണിറ്റുമെത്തി. തുടർന്ന് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ തീ അണച്ചു. തീ പൂർണാമായും നിയന്ത്രണവിധേയമാക്കിയതായി ഉദ്യോ​ഗസ്ഥർ പറഞ്ഞു. അതേസമയം, തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.

Related Articles

Back to top button