ശ്രീ ഗോകുലം മൂവീസിന്റെ സ്റ്റുഡിയോ ഗോഡൗണിൽ തീപിടിത്തം

പൂക്കാട്ടുപടി വയറോപ്സ് ജംഗ്ഷനിലെ ഇൻഡോർ ചലച്ചിത്ര ചിത്രീകരണ സ്റ്റുഡിയോയുടെ ഗോഡൗണിൽ തീപിടുത്തം. ചിത്രീകരണത്തിന് ആവശ്യമായ ഡമ്മി ഉപകരണങ്ങളും മറ്റ് സാമഗ്രികളും സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് ഇന്ന് രാവിലെ 11:30ഓടെ തീപിടിച്ചത്. ചലച്ചിത്ര നിർമാതാക്കളായ ശ്രീ ഗോകുലം മൂവീസിന്റെ സ്റ്റുഡിയോ ആണിത്. ഏകദേശം 500 ചതുരശ്രയടി വിസ്തീർണമുളള ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് നിഗമനം. സംഭവത്തിൽ ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായതായതായാണ് കണക്കാക്കുന്നത്. പട്ടിമറ്റം, ആലുവ, പെരുമ്പാവൂർ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാ സേനാ യൂണിറ്റുകളെത്തിയാണ് തീയണച്ചത്. രണ്ടര മണിക്കൂറിലേറെ നീണ്ട പ്രയത്നത്തിനൊടുവിലാണ് തീയണയ്ക്കാനായത്.


