ഉമയനെല്ലൂരിൽ നെയിം പ്ലേറ്റ് നിർമ്മാണ സ്ഥാപനത്തിൽ തീപിടിത്തം, അഗ്നിരക്ഷാ സേനയുടെ ഇടപെടലിൽ വൻ അപകടം ഒഴിവായി 

ഉമയനല്ലൂരിൽ വാടക വീട്ടിൽ പ്രവർത്തിക്കുന്ന നെയിം പ്ലേറ്റുകൾ നിർമിക്കുന്ന സ്ഥാപനത്തിൽ വൻ തീപിടിത്തം. പാചക വാതക സിലിണ്ടറുകളിലേക്ക് തീ പടർന്നെങ്കിലും അഗ്നിരക്ഷാ സേനയുടെ സമയോചിതമായ ഇടപെടലിൽ വൻ  അപകടം ഒഴിവായി. നിസാറിന്റെ ഉടമസ്ഥതയിലുള്ള വീട് ഷെമീർ എന്നയാൾക്ക് വാടകയ്ക്ക് നൽകിയിരുന്നു. ഷെമീർ ഇവിടെ നെയിം ബോർഡ് നിർമാണ യൂണിറ്റ് നടത്തുകയായിരുന്നു. നെയിംപ്ലേറ്റുകൾ നിർമിക്കുന്നതിന്റെ അവശിഷ്ടങ്ങൾ കൂട്ടിയിട്ടിരുന്ന ഭാഗത്താണ് തീ പടർന്നത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

മെഷീനുകൾ താഴത്തെ നിലയിലാണ് സൂക്ഷിച്ചിരുന്നത്. തീപിടിത്തത്തെ തുടർന്ന് പ്രദേശത്ത് നിറഞ്ഞ കനത്ത പുക പ്രദേശവാസികൾക്ക് അസ്വസ്ഥത ഉണ്ടാക്കി. യൂണിറ്റിലെ തൊഴിലാളികൾ പുറത്തുപോയ സമയത്താണ് തീപിടിത്തം ഉണ്ടായത്. കടപ്പാക്കടയിൽ നിന്ന് അഗ്നിരക്ഷാ സേനയുടെ 2 യൂണിറ്റ് എത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയത്. മുറിയിൽ ഉണ്ടായിരുന്ന സിലിണ്ടറുകളിൽ ഒന്ന് പൊട്ടിത്തെറിക്കാറായ നിലയിലായിരുന്നു എന്ന് അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥർ പറഞ്ഞു. അനധികൃതമായി സിലിണ്ടറുകൾ സൂക്ഷിച്ചിരുന്നതായാണ് വിവരം.

Related Articles

Back to top button