ജപ്തിയുമായി ധനകാര്യ സ്ഥാപനം… പൂട്ടുപൊളിച്ച് കുട്ടികളെ അകത്തുകയറ്റി ഡിവൈഎഫ്ഐ…
ജപ്തി ചെയ്ത വീട് ഡിവൈഎഫ്ഐ പ്രവർത്തകർ പൂട്ട്പൊളിച്ച് തുറന്നു കൊടുത്തു. പാലക്കാട് അയിലൂർ കരിങ്കുളത്താണ് സംഭവം. വായ്പ കുടിശ്ശിക മുടങ്ങിയതിനെ തുടർന്ന് സ്വകാര്യ ധനകാര്യ സ്ഥാപനം പ്രദേശവാസിയായ സതീഷിന്‍റെ വീട് ജപ്തി ചെയ്യുകയായിരുന്നു. വിദ്യാർത്ഥികളായ സതീഷിന്‍റെ മക്കൾ മാത്രമുള്ള സമയത്താണ് ജപ്തി നടപടിയെന്ന് ഡിവൈഎഫ്ഐ പ്രവർത്തകർ പറയുന്നു.
വിദ്യാർത്ഥികൾ വീടിനു പുറത്തു നിൽക്കുന്ന വിവരം അധ്യാപകരും പിടിഎ ഭാരവാഹികളും അറിയിച്ചതോടെയാണ് പൂട്ടുപൊളിച്ച് കുടുംബത്തെ അകത്തുകയറ്റിയതെന്നും ഡിവൈഎഫ്ഐ വ്യക്തമാക്കി. ഡിവൈഎഫ്ഐ നേതാവായ രാഹുലിന്‍റെ നേതൃത്വത്തിലായിരുന്നു വീടിൻറെ പൂട്ടുപൊളിച്ച് കുടുംബത്തെ അകത്തുകയറ്റിയിരുത്തിയത്.


