ഫിലിം ചേംബര്‍ തെരഞ്ഞെടുപ്പ്; മമ്മി സെഞ്ച്വറി സെക്രട്ടറി, സാന്ദ്രാ തോമസ് പരാജയപ്പെട്ടു

:മലയാള സിനിമ മേഖലയിലെ വിവിധ സംഘടനകളുടെ ഉന്നതാധികാര സമിതിയായ ഫിലിം ചേംബറിൻറെ ജനറൽ സെക്രട്ടറിയായി മമ്മി സെഞ്ച്വറി തെരഞ്ഞെടുക്കപ്പെട്ടു.സാബു ചെറിയാൻ വൈസ് പ്രസിഡൻറായും തെരഞ്ഞെടുക്കപ്പെട്ടു. സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച സാന്ദ്രാ തോമസ് പരാജയപ്പെട്ടു. ചേംബർ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് കഴിഞ്ഞ ദിവസം സജി നന്ത്യാട്ട് രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് തെരഞ്ഞെടുപ്പ് നടന്നത്. ചേംബർ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് നേരത്തെ നിർമാതാവ് സാന്ദ്രാ തോമസ് വ്യക്തമാക്കിയിരുന്നു. തുടർന്നാണ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാൻ നാമനിർദേശ പത്രിക നൽകിയത്.

സംഘടനാ നേതൃത്വത്തിലെ ചിലരുമായി നിലനിൽക്കുന്ന അഭിപ്രായ ഭിന്നതകളുടെ പശ്ചാത്തലത്തിൽ ഫിലിം ചേംബർ സെക്രട്ടറി സ്ഥാനം രാജിവെക്കുകയായിരുന്നുവെന്നാണ് സജി നന്ത്യാട്ട് നേരത്തെ പ്രതികരിച്ചിരുന്നത്. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പിലെ വിവാദങ്ങളുമായി ബന്ധപ്പെട്ട് സജി സാന്ദ്രാ തോമസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഫിലിം ചേംബറിലെ സജിയുടെ അംഗത്വം വ്യാജമാണെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ സജിയുടെ അംഗത്വം തന്നെ ചേംബർ എക്സിക്യൂട്ടീവ് റദ്ദാക്കുകയായിരുന്നുവെന്നാണ് ചേംബർ നേതൃത്വത്തിൻറെ വിശദീകരണം. അംഗത്വം നഷ്ടമായതോടെയാണ് സജി രാജിവച്ചത് എന്നും ചേംബർ വിശദീകരിച്ചു.

പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ പ്രസിഡൻറ്, ട്രഷറർ സ്ഥാനങ്ങളിലേക്ക് മത്സരിക്കാൻ സാന്ദ്ര തോമസ് സമർപ്പിച്ച പത്രിക വരണാധികാരി തള്ളിയിരുന്നു. ചുരുങ്ങിയത് മൂന്ന് സിനിമകൾ എങ്കിലും നിർമ്മിച്ചാൽ മാത്രമേ അസോസിയേഷനിലെ മുഖ്യ സ്ഥാനങ്ങളിലേക്ക് ഒരു അംഗത്തിന് മത്സരിക്കാനാവുവെന്ന നിയമാവലി ചൂണ്ടിക്കാട്ടിയാണ് വരണാധികാരി പത്രിക തള്ളിയത്. സാന്ദ്ര തോമസിൻറെ ഉടമസ്ഥതയിൽ നിലവിലുള്ള നിർമ്മാണ കമ്പനിയായ സാന്ദ്ര തോമസ് പ്രൊഡക്ഷൻസ് രണ്ട് ചിത്രങ്ങൾ മാത്രമേ നിർമ്മിച്ചിട്ടുള്ളൂ എന്നായിരുന്നു വരണാധികാരിയുടെ കണ്ടെത്തൽ. ലിറ്റിൽ ഹാർട്സ്, നല്ല നിലാവുള്ള രാത്രി എന്നിവയാണ് ആ ചിത്രങ്ങൾ. എന്നാൽ, മറ്റൊരു കമ്പനിയുടെ മാനേജിംഗ് പാർട്നർ താനായിരുന്നുവെന്നും ആ ബാനറിൽ എടുത്ത ചിത്രങ്ങൾ തൻറെ പേരിലാണ് സെൻസർ ചെയ്തിരിക്കുന്നതെന്നും സാന്ദ്ര വാദിച്ചിരുന്നു.

Related Articles

Back to top button