കാമുകിയുടെ നാല് മാസം പ്രായമുളള കുഞ്ഞിനെ കൊന്നു.. 15 കാരൻ അറസ്റ്റിൽ…
കാമുകിയുടെ മുൻ വിവാഹത്തിലുളള നാല് മാസം പ്രായമുളള കുഞ്ഞിനെ കൊന്ന പതിനഞ്ചുകാരൻ അറസ്റ്റിൽ.മുസ്കാൻ അസ്ഗറലി എന്ന യുവതിയുടെ പരാതിയിലാണ് പ്രതി പിടിയിലായത്.. ഗുജറാത്തിലെ വൽസാദ് ജില്ലയിലാണ് സംഭവം. ഉത്തർപ്രദേശിലെ ഉമർഗാം സ്വദേശിനിയാണ് മുസ്കാൻ. സാധനങ്ങൾ വാങ്ങുന്നതിനായി മുസ്കാൻ മാർക്കറ്റിൽ പോയ സമയത്തായിരുന്നു സംഭവം നടന്നത്. മുസ്കാൻ തിരികെയെത്തിയപ്പോൾ കുഞ്ഞ് കിടക്കയിൽ നിന്ന് വീണതായി പതിനഞ്ചുകാരൻ പറയുകയായിരുന്നു. കുഞ്ഞിന്റെ തലയ്ക്ക് സാരമായി പരിക്കേറ്റതായും പതിനഞ്ചുകാരൻ പറഞ്ഞു.
ഉടൻ തന്നെ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇതിന് ശേഷം കുഞ്ഞിന്റെ മൃതദേഹം ഉമർഗാമിൽ സംസ്കരിച്ചു. സംഭവത്തിന് തൊട്ടുപിന്നാലെ പതിനഞ്ചുകാരൻ സ്ഥലം വിട്ടു. ഇതാണ് സംശയത്തിനിടയാക്കിയത്. പിന്നാലെ മുസ്കാൻ പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്ട്ടം നടത്തി. പോസ്റ്റ്മോര്ട്ടം റിപ്പോർട്ടിൽ കുഞ്ഞിന്റെ തലയ്ക്ക് മാരകമായ പരിക്കേറ്റിട്ടുണ്ടെന്ന് കണ്ടെത്തിയതായി പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രയാഗ്രാജിൽ നിന്ന് പതിനഞ്ചുകാരനെ പിടികൂടുകയായിരുന്നു.
യുവതിയുമായുളള വിവാഹത്തിന് തന്റെ കുടുംബം എതിർത്തതാണ് കുഞ്ഞിനെ കൊല്ലാൻ കാരണമെന്ന് പ്രതി കുറ്റസമ്മതം നടത്തിയിട്ടുണ്ട്. മുൻ വിവാഹത്തിൽ ഒരു കുഞ്ഞുളള യുവതിയെ വിവാഹം കഴിക്കുന്നതിനെ പ്രതിയുടെ കുടുംബം എതിർത്തിരുന്നതായി പൊലീസ് പറഞ്ഞു. പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. തെളിവുകളും കുറ്റകൃത്യവും മറച്ചുവെച്ചതിന് ഭാരതീയ ന്യായ സംഹിത പ്രകാരം കേസ് എടുക്കും. പതിനഞ്ചുകാരനെ ജുവനൈൽ കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് വ്യക്തമാക്കി.