കളി നിയന്ത്രിക്കാൻ പെൺകരുത്ത്…. ഫിഫ ലോകകപ്പ് റഫറി പട്ടികയിൽ രണ്ട് വനിതാ റഫറിമാർ

കാനഡ, യുഎസ്എ, മെക്‌സിക്കോ എന്നീ രാജ്യങ്ങളിലായി നടക്കാനിരിക്കുന്ന 2026 ഫിഫ ലോകകപ്പ് നിയന്ത്രിക്കാനുള്ള റഫറിമാരുടെ പട്ടിക ഫിഫ പുറത്തുവിട്ടു. 52 റഫറിമാരും 88 അസിസ്റ്റന്റ് റഫറിമാരും 30 വീഡിയോ മാച്ച് ഒഫീഷ്യൽസും ഉൾപ്പെടെ ആകെ 170 പേരാണ് ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പിന് ചുക്കാൻ പിടിക്കുന്നത്.
പുരുഷ ലോകകപ്പ് ചരിത്രത്തിൽ രണ്ടാം തവണയും വനിതാ റഫറിമാർ മൈതാനത്തിറങ്ങുന്നു. യുഎസിൽ നിന്നുള്ള ടോറി പെൻസോ, മെക്‌സിക്കോയിൽ നിന്നുള്ള കാറ്റിയ ഗാർഷ്യ എന്നിവരാണ് 52 അംഗ റഫറി പാനലിലുള്ള വനിതകൾ. കൂടാതെ മൂന്ന് വനിതാ അസിസ്റ്റന്റ് റഫറിമാരും പട്ടികയിലുണ്ട്. 48 ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെന്റിൽ ഇത്തവണ 104 മത്സരങ്ങളാണുള്ളത്. മുൻപ് നടന്ന ലോകകപ്പുകളേക്കാൾ 40 മത്സരങ്ങൾ ഇത്തവണ കൂടുതലായിരിക്കും. പിയർലൂയിജി കോളിനയുടെ നേതൃത്വത്തിൽ അതീവ സൂക്ഷ്മമായാണ് ഒഫീഷ്യൽസിനെ തിരഞ്ഞെടുത്തത്. സെമി-ഓട്ടോമേറ്റഡ് ഓഫ്‌സൈഡ്, ഗോൾ-ലൈൻ സാങ്കേതികവിദ്യ എന്നിവയ്‌ക്കൊപ്പം റഫറിയുടെ കണ്ണിലൂടെ മത്സരം കാണാൻ സാധിക്കുന്ന ‘ഓൺ-ഫീൽഡ് വ്യൂ’ സാങ്കേതികവിദ്യയും ഇത്തവണ അരങ്ങേറും.



