വിരമിക്കൽ പാര്‍ട്ടിയിൽ മദ്യപിച്ച് സ്റ്റേഷനിൽ കിടന്നുറങ്ങി..മിന്നൽ പരിശോധനയ്ക്ക് കമ്മീഷണര്‍ എത്തിയപ്പോൾ..
മദ്യലഹരിയിൽ പൊലീസ് സ്റ്റേഷനിൽ കിടന്നുറങ്ങിയ പൊലീസുകാരന് സസ്പെൻഷൻ. കമ്മീഷണർ നേരിട്ടെത്തി സസ്പെൻഡ് ചെയ്തു. പേട്ട പൊലീസ് സ്റ്റേഷനിലാണ് സംഭവം. സിവിൽ പൊലീസ് ഓഫീസർ ഡി.ആർ അർജുനെയാണ് സിറ്റി പൊലീസ് കമ്മീഷണർ തോംസൺ ജോസ് സസ്പെൻഡ് ചെയ്തത്.
വ്യാഴാഴ്ച വൈകിട്ട് വിരമിക്കൽ, സ്ഥലമാറ്റ പാർട്ടികളുണ്ടായിരുന്നു. ഇതിന് ഡ്യൂട്ടി കഴിഞ്ഞ ശേഷം അർജ്ജുനും പങ്കെടുത്തു. മദ്യപിച്ചിരുന്ന അർജ്ജുൻ പരിപാടി കഴിഞ്ഞ് വിശ്രമിക്കാൻ കിടന്നു. ഈ സമയം സ്റ്റേഷനിലുള്ള ഒരാൾ കമ്മീഷണറെ വിളിച്ച് വിവരം പറഞ്ഞു.
മിന്നൽ പരിശോധന എന്ന നിലയിൽ കമ്മീഷണറെത്തുകയായിരുന്നു. കമ്മീഷണർ എത്തും മുൻപേ മദ്യപിച്ചിരുന്ന ചില പൊലീസുകാർ സ്ഥലംവിട്ടു. കമ്മീഷണർ എത്തിയപ്പോൾ അർജ്ജുൻ ഉറങ്ങുന്നതാണ് കണ്ടത്. വിളിച്ച് ഏഴുന്നേൽപ്പിച്ച് ബ്രീത്തലൈസർ ഉപയോഗിച്ച് പരിശോധിച്ചപ്പോൾ മദ്യപിച്ചതായി തെളിഞ്ഞു. പിന്നാലെ നടപടിയെടുക്കുകായിരുന്നു